ന്യൂഡല്‍ഹി: സോഷ്യല്‍മീഡിയയില്‍ കെണി ഒരുക്കി പാക് ഹാക്കര്‍മാര്‍ ഇന്ത്യന്‍ സൈനിക നീക്കങ്ങള്‍ ചോര്‍ത്തുന്ന രഹസ്യനീക്കം ഇന്ത്യന്‍ സുരക്ഷാ ഏജന്‍സികള്‍ തകര്‍ത്തു.
ഇന്ത്യന്‍ സുരക്ഷാ ഏജന്‍സികളും നാഷണല്‍ സെക്യൂരിറ്റി ഡാറ്റാബേസും സംയുക്തമായ നീക്കത്തിലൂടെയാണ് ഈ ശ്രമം തകര്‍ത്തത്. സാജിദ് റാണ, ആബിദ് റാണ എന്നീ രണ്ടു പാക് സഹോദരന്‍മാര്‍ 300 അംഗങ്ങളുമായി പാക് ചാരസംഘടന ഐ.എസ്.ഐയുടെ സഹായത്തോടെയാണ് സോഷ്യല്‍മീഡിയയില്‍ കെണി ഒരുക്കിയത്.
ഡാറ്റാ കൈമാറ്റം ചെയ്യാനുള്ള പ്രത്യേക ആപ്പ് വഴിയും ഫേസ്ബുക്കില്‍വ്യാജ അക്കൗണ്ടുകള്‍ വഴിയുമാണ് ഇവര്‍ ഇന്ത്യന്‍ സൈനികോദ്യോഗസ്ഥരില്‍ നിന്നും വിവരങ്ങള്‍ ചോര്‍ത്തിയിരുന്നത്.
ഇവരുടെ ആപ്പ് ഡൗണ്‍ലോഡ് ചെയ്താല്‍ ഫോണില്‍ നിന്നും മുഴുവന്‍ വിവരങ്ങളും ചോര്‍ത്തപ്പെടും. ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സികളുടെ പരാതിയെ തുടര്‍ന്ന് ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും ഈ ആപ്പ് ഇപ്പോള്‍ നീക്കം ചെയ്തിട്ടുണ്ട്.
ബി.എസ്.എഫ്, ഇന്ത്യന്‍ എയര്‍ഫോഴ്‌സ്, സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥരില്‍ നിന്നും ഇത്തരത്തില്‍ രഹസ്യങ്ങള്‍ ചോര്‍ത്തിയതായി ഐ.ബിയും റോയുമാണ് കണ്ടെത്തിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ സൈനിക സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നതില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. സൈനിക പദവിയോ,ജോലി ചെയ്യുന്ന സ്ഥലമോ അടക്കമുള്ള ഒരു വിവരങ്ങളും സോഷ്യല്‍ മീഡിയകളില്‍ പങ്കുവെക്കരുതെന്നാണ് നിര്‍ദ്ദേശം.
ഫേസ്ബുക്കില്‍ വ്യാജ അക്കൗണ്ടുകളില്‍ നിന്ന് സ്ത്രീകളുടെയും മറ്റും പേരില്‍ ആദ്യം ഫ്രണ്ട് ലിസ്റ്റില്‍ കടന്നുകൂടുകയും പിന്നീട് അശ്ലീല സന്ദേശങ്ങളും ചിത്രങ്ങളും അയക്കുകയുമാണ് പാക്ക് ഹാക്കര്‍മാര്‍ ചെയ്തിരുന്നത്. വിശ്വാസ്യതക്കായി ഇന്റര്‍നെറ്റ് ഫോണ്‍കോളുകളും നടത്തും. പിന്നീട് ഇതുവഴി രഹസ്യങ്ങള്‍ ചോര്‍ത്തുകയായിരുന്നു ലക്ഷ്യം.
കഴിഞ്ഞ ഡിസംബറില്‍ ഇത്തരത്തില്‍ സൈനിക രഹസ്യങ്ങള്‍ കൈമാറിയതിന് മലയാളിയായ നാവികസേന ഉദ്യോഗസ്ഥന്‍ കെ.കെ രഞ്ജിത്തിനെ ഡല്‍ഹി ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തിരുന്നു. പാക് ചാരസംഘടനയായ ഐ.എസ്.ഐ ദാമിനി എന്ന പേരില്‍ വ്യാജ അക്കൗണ്ടുണ്ടാക്കിയാണ് രഞ്ജിത്തുമായി സൗഹൃദം സ്ഥാപിച്ചത്.
ബ്രിട്ടന്‍ ആസ്ഥാനമായ മാധ്യമസ്ഥാപനത്തിന്റെ എക്‌സിക്യുട്ടീവാണെന്നു പരിചയപ്പെടുത്തി. എയര്‍ഫോഴ്‌സ് സ്‌റ്റേഷന്റെ വിവരങ്ങളും ഫൈറ്റര്‍ ജെറ്റുകളടക്കമുള്ളവയുടെ വിവരങ്ങളും ചോര്‍ത്തുകയായിരുന്നു. ഇതോടെയാണ് രഹാസ്യാന്വേഷണ ഏജന്‍സികള്‍ സോഷ്യല്‍ മീഡിയവഴി സൈനിക രഹസ്യങ്ങള്‍ ചോര്‍ത്തുന്നതിനെതിരെ ജാഗ്രത പാലിച്ചത്.