ഇന്ത്യന്‍ ഐടി മേഖല 167 ബില്യണ്‍ ഡോളറിലെത്തുമെന്ന് നാസ്‌കോം

ബെംഗളൂരു:2018- 19 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യന്‍ ഐടി വ്യവസായ മേഖലയിലെ വരുമാനം 167 ബില്യണ്‍ ഡോളറിലെത്തുമെന്ന് ഐടി വ്യവസായ സംഘടനയായ നാസ്‌കോം. ആഗോള ഔട്ട്‌സോഴ്‌സിംഗ് ബിസിനസിന്റെ 37 ശതമാനം വിഹിതവും ഇന്ത്യയുടെ ഐടി മേഖലയ്ക്കായിരിക്കുമെന്നും നാസ്‌കോം റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

ഇന്ത്യന്‍ ഐടി ആന്‍ഡ് ബിസിനസ് പ്രോസസ് മാനേജ്‌മെന്റ്(ബിപിഎം) വ്യവസായ മേഖലയിലെ കയറ്റുമതി ഉള്‍പ്പടെയുള്ള വരുമാനം എട്ട് ശതമാനം വര്‍ധിച്ച് 167 ബില്യണ്‍ ഡോളറിലെത്തുമെന്നും നാസ്‌കോം റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

2017- 18 സാമ്പത്തിക വര്‍ഷത്തില്‍ ഇത് 154 ബില്യണ്‍ ഡോളറായിരുന്നുവെന്നും, നാസ്‌കോമിന്റെ നയതന്ത്ര സമ്മേളനത്തില്‍ നാസ്‌കോം വൈസ് ചെയര്‍മാന്‍ കേശവ് ആര്‍ മുരുകേശ് പറഞ്ഞു. നൂതന സാങ്കേതിക വിദ്യകളിലൂടെയും പുതിയ വൈദഗ്ധ്യങ്ങളിലൂടെയും ഐടി വ്യവസായം വന്‍തോതില്‍ ലാഭം കൈവരിക്കുമെന്ന് മുരുകേശ് അഭിപ്രായപ്പെട്ടു.

രാജ്യത്ത് 1.2 മില്യണ്‍ (12 ലക്ഷം) ജീവനക്കാരുള്ള ബിപിഎം വ്യവസായം 32.5 ബില്യണ്‍ ഡോളര്‍ വരുമാനം സൃഷ്ടിക്കുമെന്ന് പ്രതീക്ഷിക്കുന്നു.ഡിജിറ്റല്‍ ടെക്‌നോളജിയുമായി സംയോജിപ്പിച്ചുള്ള ഇന്റലിജന്റ് പ്രവര്‍ത്തനങ്ങളിലാണ് ഇപ്പോള്‍ ഐടി മേഖല ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

ഡിജിറ്റലൈസേഷനാണ് സേവന ദാതാക്കളുടെയും ക്ലൈന്റുകളുടെയും പ്രധാന വരുമാന ഉറവിടം. തന്ത്രപരമായ ഏറ്റെടുക്കലുകള്‍ മേഖലയില്‍ ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ലാഭക്ഷമത, സഹകരണം, മത്സരാത്മകത എന്നിവ മെച്ചപ്പെടുത്താനും ശക്തിപ്പെടുത്താനും സഹായിക്കുന്ന നൂതന സാങ്കേതിക വിദ്യകളായ റോബോട്ടിക് പ്രോസസ് ഓട്ടോമോഷന്‍(ആര്‍പിഎ), ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്(എഐ), ഡിജിറ്റല്‍ കമ്യൂണിക്കേഷന്‍സ്, ഇന്റര്‍നെറ്റ് ഓഫ് തിംഗ്‌സ്(ഐഒടി) തുടങ്ങിയവയ്ക്ക് സമ്മേളനത്തില്‍ ചര്‍ച്ചകളില്‍ പ്രാമുഖ്യം ലഭിച്ചു.

Top