ബെംഗളൂരു: പ്രൊഫഷണല്‍ നെറ്റ്‌വര്‍ക്കിംഗ് പ്ലാറ്റ്‌ഫോമായ ലിങ്ക്ഡ്ഇന്നിന്റെ ഇന്ത്യന്‍ മെയ്ഡ് ലിങ്ക്ഡ്ഇന്‍ ലൈറ്റ് 60 രാജ്യങ്ങളിലേക്കുകൂടി വ്യാപിപ്പിക്കുന്നു.
ലിങ്ക്ഡിഇന്‍ ലൈറ്റ് പല വിപണികളിലും പരീക്ഷിച്ചു കഴിഞ്ഞതായും ഉപഭോക്താക്കളില്‍ നിന്ന് മികച്ച പ്രതികരണമാണ് നേടുന്നതെന്നും ലിങ്ക്ഡ്ഇന്‍ ഇന്ത്യ മേധാവി അക്ഷയ് കോത്താരി പറഞ്ഞു.
ഇന്ത്യയിലെ ആന്‍ഡ്രോയിഡ് ഉപഭോക്താക്കള്‍ക്കായി പ്രാദേശിക ലിങ്ക്ഡ്ഇന്‍ ലൈറ്റ് ആപ്പ് അവതരിപ്പിക്കുമെന്നും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്.
പ്രവര്‍ത്തനക്ഷമത കുറഞ്ഞ ഹാന്‍ഡ്‌സെറ്റുകളിലും കുറഞ്ഞ ഇന്റര്‍നെറ്റ് വേഗതയിലും പ്രവര്‍ത്തിക്കുന്ന മൊബൈല്‍ സൈറ്റായ ലിങ്ക്ഡ്ഇന്‍ ലൈറ്റ് രണ്ടാം നിര, മൂന്നാം നിര നഗരങ്ങളില്‍ വലിയ വളര്‍ച്ചയാണ് നേടികൊണ്ടിരിക്കുന്നത്.
കഴിഞ്ഞ ആറുമാസത്തിനുള്ളില്‍ സൈറ്റിലെ സന്ദര്‍ശകരുടെ എണ്ണം ഇരട്ടിയായി വര്‍ധിച്ചതായും കോത്താരി അറിയിച്ചു.
ലിങ്ക്ഡ്ഇന്‍ സിഇഒ ജെഫ് വെയ്‌നര്‍ കഴിഞ്ഞ വര്‍ഷം ബെംഗളൂരു സന്ദര്‍ശിച്ചപ്പോഴാണ് പൂര്‍ണമായി ബെംഗളൂരുവിലെ ലിങ്ക്ഡ്ഇന്‍ റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ് സെന്ററില്‍ വികസിപ്പിച്ച ലിങ്ക്ഡ്ഇന്‍ ലൈറ്റ് ഇന്ത്യയില്‍ അവതരിപ്പിച്ചത്.
ലിങ്ക്ഡ് ഇന്നിന്റെ ഇന്ത്യന്‍ ഉപഭോക്താക്കളില്‍ അധികവും വിദ്യാര്‍ത്ഥികളാണെന്നും അവര്‍ക്ക് പ്രയോജനപ്രദമായ കൂടുതല്‍ ഉള്ളടക്കങ്ങള്‍ പ്ലാറ്റ്‌ഫോമില്‍ ഉള്‍പ്പെടുത്തുമെന്നും കോത്താരി പറഞ്ഞു.