കാലിഫോര്‍ണിയയില്‍ ഒഴുക്കില്‍പ്പെട്ട കുട്ടികളെ രക്ഷിക്കുന്നതിനിടെ ഇന്ത്യന്‍ വംശജന്‍ മരിച്ചു

കാലിഫോര്‍ണിയ: കാലിഫോര്‍ണിയയില്‍ കിങ്സ് നദിയില്‍ വീണ മൂന്ന് കുട്ടികളെ രക്ഷിക്കുന്നതിനിടെ ഇന്ത്യക്കാരന്‍ മുങ്ങിമരിച്ചു. 29കാരനായ മഞ്ജിത് സിങ് ആണ് മരിച്ചത്. ഫ്രെസ്നോ കൗണ്ടിയിലെ വീടിന് സമീപം റീഡ്ലി ബീച്ചില്‍ നടക്കാനിറങ്ങിയപ്പോഴാണ് മൂന്ന് കുട്ടികള്‍ ഒഴുക്കില്‍പ്പെടുകയായിരുന്നു. എട്ട് വയസ്സുള്ള രണ്ട് പെണ്‍കുട്ടികളെയും 10 വയസുകാരനായ ആണ്‍കുട്ടിയെയും രക്ഷിക്കാന്‍ മഞ്ജിത് ശ്രമിച്ചു.

തലപ്പാവ് അഴിച്ച് കയര്‍ പോലെ പിരിച്ച് കുട്ടികള്‍ക്ക് നേരെ നീട്ടാനാണ് ശ്രമിച്ചത്. പെട്ടെന്ന് മഞ്ജിതും ഒഴുക്കില്‍ പ്പെട്ടുപോവുകയായിരുന്നുവെന്ന് റീഡ്ലിയിലെ പൊലീസ് ഓഫീസര്‍ മാര്‍ക്ക് എഡിഗര്‍ പറഞ്ഞു. മഞ്ജിതിന്റെ സുഹൃത്തുക്കള്‍ക്ക് കുട്ടികളെ രക്ഷിക്കാനായി. രണ്ട് പേര്‍ സുരക്ഷിതരാണ്. ഒരാളുടെ നില ഗുരുതരമാണ്.

40 മിനിറ്റ് നേരത്തെ തിരച്ചിലിനൊടുവിലാണ് മഞ്ജിതിനെ കരയ്ക്കെത്തിച്ചത്. ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ഗുര്‍ദാസ്പൂര്‍ സ്വദേശിയാണ് മഞ്ജിത്. കര്‍ഷക കുടുംബത്തില്‍പ്പെട്ട മഞ്ജിത് ജോലി തേടിയാണ് രണ്ട് വര്‍ഷം മുന്‍പ് അമേരിക്കയില്‍ എത്തിയത്.

Top