കൊച്ചി: ഇന്ത്യന്‍ വിപണി കീഴടക്കുന്നത് ഫോണും ടിവിയും. ഇലക്ട്രോണിക് ഉല്‍പന്നങ്ങളോട് മുമ്പെങ്ങും കണ്ടിട്ടില്ലാത്ത താത്പര്യം വിപണിയില്‍ പ്രകടമാകുന്നുണ്ടെന്നാണ് ഇവയോടുള്ള ഇഷ്ടം സൂചിപ്പിക്കുന്നത്.
മേക്ക് ഇന്‍ ഇന്ത്യ പോലുള്ള ക്യാംപെയ്‌നുകളിലൂടെ കേന്ദ്രസര്‍ക്കാര്‍ ഇന്ത്യന്‍ നിര്‍മിത ഉല്‍പന്നങ്ങള്‍ക്ക് മുന്‍ഗണന നേടിക്കൊടുക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും വിപണിയില്‍ ഇപ്പോഴും ഡിമാന്‍ഡ് ഇറക്കുമതി ചെയ്യപ്പെടുന്ന ഇലക്ട്രോണിക് ഉല്‍പന്നങ്ങള്‍ക്കാണെന്നും റിപ്പോര്‍ട്ടുകളില്‍ നിന്ന് വ്യക്തമാണ്. ആഗോള തലത്തിലുള്ള പ്രമുഖ ബ്രാന്‍ഡുകളാണ് ഇലക്ട്രോണിക് വില്‍പനയില്‍ നേട്ടമുണ്ടാക്കുന്നത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ കണക്കുകള്‍ പുറത്തു വന്നപ്പോള്‍ ചൈനയില്‍ നിര്‍മിച്ച മൊബൈല്‍ ഫോണുകള്‍ക്കാണ് കൂടുതല്‍ ആവശ്യക്കാരുളളത്.
കഴിഞ്ഞ ഒരുവര്‍ഷത്തോളമുണ്ടായ ഇലക്ട്രോണിക് ഉപകരണങ്ങളുടെ വില്‍പന സംബന്ധിച്ച സര്‍ക്കാര്‍ കണക്കുകള്‍ പ്രകാരം 5780 കോടി ഡോളറിന്റെ വില്‍പനയാണ് ഈ കാലയളവില്‍ നടന്നിട്ടുള്ളത്. 3580 കോടി ഡോളറിന്റെ സ്വര്‍ണ്ണ വില്‍പനയുമായി താരതമ്യം ചെയ്യുമ്പോള്‍ ഇലക്ട്രോണിക് ഉല്‍പന്നങ്ങളോട് ഉപഭോക്താക്കള്‍ക്കുണ്ടായിട്ടുള്ള താത്പര്യം വ്യക്തമാകുന്നു.
സ്മാര്‍ട്‌ഫോണുകളുടെയും ടിവിയുടെയും മറ്റ് ഇലക്ട്രോണിക് ഉല്‍പന്നങ്ങളുടെയും വില്‍പനയിലുണ്ടായിട്ടുള്ള കുതിപ്പ് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്ന ഉല്‍പന്നങ്ങളുടെ പട്ടികയില്‍ ഇലക്ട്രോണിക് ഗുഡ്‌സിനെ രണ്ടാമതെത്തിച്ചിട്ടുണ്ട്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ ഇലക്ട്രോണിക് ഉല്‍പന്നങ്ങളുടെ ഇറക്കുമതി ഇരട്ടിയായി ഉയര്‍ന്നെന്ന് വിപണി വിദഗ്ധര്‍ ചൂണ്ടികാട്ടുന്നു.