ഏഷ്യൻ ​ഗെയിംസ് 3000 മീറ്റർ സ്പീഡ് സ്കേറ്റിങ്ങിൽ ഇന്ത്യൻ പുരുഷ-വനിതാ ടീമിന് വെങ്കലം

ഹാങ്ചൗ: ഏഷ്യൻ ​ഗെയിംസിന്റെ ഒമ്പതാം ദിനത്തിൽ ഇന്ത്യയ്ക്ക് വെങ്കലത്തിളക്കത്തോടെ തുടക്കം. 3000 മീറ്റർ സ്പീഡ് സ്കേറ്റിങ്ങിൽ ഇന്ത്യയുടെ പുരുഷ ടീമും വനിതാ ടീമും വെങ്കല മെഡൽ സ്വന്തമാക്കി. നാല് മിനിറ്റും 10 സെക്കന്റും 13മില്ലി സെക്കന്റും എടുത്താണ് പുരുഷടീമിന്റെ ഫിനിഷിങ്. ഘുമാൻ ആര്യൻപാൽ സിംഗ്, വി ആനന്ദ്കുമാർ, സിദ്ധാന്ത് രാഹുൽ, ഇംഗേൾ വിക്രം രാജേന്ദ്ര എന്നിവരടങ്ങുന്നതാണ് പുരുഷ ടീം.

ഏഷ്യൻ ​ഗെയിംസ് മെഡൽ പട്ടികയിൽ ഇന്ത്യ നാലാം സ്ഥാനത്ത് തുടരുകയാണ്. 13 സ്വർണമടക്കം ആകെ 55 മെ‍ഡലുകൾ ഇന്ത്യൻ താരങ്ങൾ നേടിക്കഴിഞ്ഞു. ഇതുവരെ 21 വെള്ളിയും 21 വെങ്കലവും ഇന്ത്യൻ താരങ്ങൾ ഏഷ്യൻ ​ഗെയിംസിൽ നേടി.

നാല് മിനിറ്റും 34 സെക്കന്റും 87 മില്ലി സെക്കന്റുമെടുത്താണ് വനിതാ ടീമിന്റെ വെങ്കല വിജയം. സഞ്ജന ബത്തുല, കാർത്തിക ജഗദീശ്വരൻ, ഹീരൽ സാധു, ആരതി കസ്തൂരി രാജ് എന്നിവരാണ് വനിതാ ടീമിൽ ഉണ്ടായിരുന്നത്. പുരുഷന്മാരുടെയും വനിതകളുടെയും 3000 മീറ്റർ സ്പീഡ് സ്കേറ്റിങ്ങിൽ ചൈനീസ് തായ്പെ സ്വർണവും റിപ്പബ്ലിക്ക് ഓഫ് കൊറിയ വെള്ളി മെഡലും സ്വന്തമാക്കി.

 

Top