indian military statement

ന്യൂഡല്‍ഹി : ആറുമാസം സമയം തന്നാല്‍ പാക്ക് അധിനിവേശ കശ്മീരിലെ ഭീകരരെ തുടച്ചുനീക്കാമെന്ന് സൈന്യം സര്‍ക്കാരിനെ അറിയിച്ചു.

ഇതിന് രാഷ്ട്രീയമായ തീരുമാനമാണ് വേണ്ടതെന്നും സൈന്യം വ്യക്തമാക്കി. ഉന്നത സൈനിക കേന്ദ്രങ്ങളെ ഉദ്ധരിച്ച് പ്രമുഖ ദേശീയ മാധ്യമാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

ഭീകരതയ്‌ക്കെതിരെയുള്ള ഇന്ത്യയുടെ നടപടിക്ക് മികച്ച പിന്തുണയാണ് ലഭിക്കുന്നത്. അതിനാല്‍ നിയന്ത്രണരേഖ കടന്ന് പാക്ക് അധിനിവേശ കശ്മീരിലെ ഭീകര ക്യാംപുകള്‍ പൂര്‍ണമായും തകര്‍ക്കാനുള്ള മികച്ച അവസരമായാണ് ഇതിനെ കാണേണ്ടതെന്നും സൈന്യം പറയുന്നു.

കഴിഞ്ഞയാഴ്ച നിയന്ത്രണരേഖ കടന്ന് ഇന്ത്യന്‍ സൈന്യം പാക്ക് അധിനിവേശ കശ്മീരിലുള്ള ഭീകരരുടെ ലോഞ്ച് പാഡുകളില്‍ മിന്നലാക്രമണം നടത്തിയതിനു പിന്നാലെയാണ് സൈന്യത്തിന്റെ നിര്‍ദേശം.

മിന്നലാക്രമണത്തിലൂടെ ഭീകരരെ പൂര്‍ണമായും തുടച്ചുനീക്കാന്‍ കഴിഞ്ഞിട്ടില്ല. അതിനാല്‍ ഈ മേഖലയില്‍നിന്നു ഭീകരരെ പൂര്‍ണമായും തുടച്ചുനീക്കണമെങ്കില്‍ കുറച്ചുകാലം നീണ്ടു നില്‍ക്കുന്ന നടപടി വേണമെന്നാണ് സൈന്യത്തിന്റെ പക്ഷം.

ഇന്ത്യയുടെ മിന്നലാക്രമണത്തിന് തിരിച്ചടി നല്‍കാന്‍ ഭീകരര്‍ കശ്മീരിന്റെ വിവിധ ഭാഗങ്ങളില്‍ ആക്രമണം നടത്താന്‍ സാധ്യതയുണ്ട്. ഞായറാഴ്ച ബാരമുല്ലയില്‍ ഉണ്ടായത് അത്തരത്തില്‍ ഒന്നാണ്.

കഴിഞ്ഞയാഴ്ച നടത്തിയ മിന്നലാക്രമണത്തിലൂടെ ഭീകരര്‍ക്ക് കൃത്യമായ സന്ദേശമാണ് ഇന്ത്യ നല്‍കിയത്. എന്നാല്‍, നമുക്ക് എന്തെങ്കിലും നേട്ടം ഉണ്ടാക്കണമെങ്കില്‍ ആറു മാസം നീണ്ടു നില്‍ക്കുന്ന ഒരു പദ്ധതിതന്നെ നടപ്പാക്കണം. ഇടയ്ക്ക് ഇത് തുടരുകയും ചെയ്യണമെന്നും സൈന്യം വ്യക്തമാക്കുന്നു.

നിയന്ത്രണരേഖയ്ക്കപ്പുറം നാല്‍പ്പതിലധികം ഭീകരപരിശീലന ക്യാംപുകള്‍ ഉണ്ടെന്നാണ് ഇന്ത്യന്‍ ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. അന്‍പതോളം ലോഞ്ച് പാഡുകളിലായി ഇരുന്നൂറിലധികം ഭീകരരെ നിയന്ത്രണരേഖയ്ക്കു സമീപം തയ്യാറാക്കി നിര്‍ത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

ഇവര്‍ക്ക് പാക്ക് സൈന്യം സുരക്ഷ നല്‍കുന്നുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇത്തരം ലോഞ്ച് പാഡുകളിലാണ് ഇന്ത്യന്‍ സേന മിന്നലാക്രമണം നടത്തിയത്.

Top