സൈനിക ശക്തി അതിന്റെ എല്ലാ അര്‍ത്ഥത്തിലും വര്‍ദ്ധിപ്പിക്കാനാണ് ഇന്ത്യ ഇപ്പോള്‍ ശ്രമിച്ചു കൊണ്ടിരിക്കുന്നത്.അതേസമയം, ‘ആക്രമണമാണ് ഏറ്റവും വലിയ പ്രതിരോധമെന്ന’ നയത്തിലേക്ക് പാക്ക് അധീന കശ്മീരിന്റെ കാര്യത്തില്‍ ഇന്ത്യ മുന്നോട്ട് പോകുമോ എന്ന ആശങ്ക പാക്കിസ്ഥാനുമുണ്ട്. ചൈനീസ് അതിര്‍ത്തിയില്‍ മുന്‍പുണ്ടായ സംഘര്‍ഷത്തോടെ ഇന്ത്യയുടെ മാറിയ ‘മുഖം’ ചൈനയും കണ്ടു കഴിഞ്ഞു. 2020 സെപ്തംബറില്‍ ലഡാക്കിലെ ഗല്‍വാന്‍ താഴ്വരയില്‍ ഉണ്ടായ ഏറ്റുമുട്ടലില്‍ ഇന്ത്യയ്ക്ക് നഷ്ടമായതിന്റെ ഇരട്ടിയിലേറെ സൈനികരാണ് ചൈനയുടെ ഭാഗത്ത് കൊല്ലപ്പെട്ടിരുന്നത്.ഈ സംഭവത്തോടെ ചൈനയ്ക്കും പാക്കിസ്ഥാനില്‍ കയറി ഭീകര കേന്ദ്രങ്ങള്‍ ബോംബിട്ട് തകര്‍ത്തതോടെ പാക്ക് ഭരണകൂടത്തിനും പഴയ ഇന്ത്യയല്ല പുതിയ ഇന്ത്യയെന്ന് ഇതിനകം തന്നെ ബോധ്യപ്പെട്ടിട്ടുണ്ട്. സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാര്‍ഷികം ആഘോഷിച്ച ഇന്ത്യ കൂടുതല്‍ കരുത്തരായി മാറിക്കഴിഞ്ഞതായാണ് അന്താരാഷ്ട്ര മാധ്യമങ്ങളും വിലയിരുത്തുന്നത്. നയതന്ത്ര രംഗത്തെ ഇന്ത്യയുടെ മികച്ച ഇടപെടലുകളാണ് ലോകത്തിനു മുന്നില്‍ ഇന്ത്യയുടെ മുഖച്ഛായ തന്നെ മാറ്റിയിരിക്കുന്നത്. അമേരിക്ക- റഷ്യ ബന്ധം വഷളായിട്ടും ഇരു രാജ്യങ്ങളുമായും അടുത്ത ബന്ധം സൂക്ഷിക്കാന്‍ ഇപ്പോഴും ഇന്ത്യയ്ക്കു കഴിയുന്നുണ്ട്. അമേരിക്കന്‍ എതിര്‍പ്പ് മറികടന്ന് റഷ്യയുമായി എസ് 400 ട്രയംഫ് ഇടപാട് നടത്തിയ ഇന്ത്യ ലോകത്തെ ഏറ്റവും ശക്തമായ റഷ്യയുടെ ബോംബര്‍ വിമാനമാണ് അടുത്തതായി സ്വന്തമാക്കാന്‍ പോകുന്നത്.
സൂപ്പര്‍സോണിക് കരുത്തുള്ള റഷ്യയുടെ ‘വൈറ്റ് സ്വാന്‍’ എന്ന വിളിപ്പേരുള്ള ബോംബറാണിത്. ടിയു-160 പരമ്പരയിലെ മാരക പ്രഹര ശേഷിയുള്ള ഈ യുദ്ധവിമാനം കോണ്‍കോര്‍ഡിന് സമാനമായാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ആണവായുധം വഹിക്കാന്‍ കഴിയുന്ന ഇതുപോലൊരു ബോംബര്‍ ലോകത്ത് മറ്റൊരു രാജ്യത്തിനും ഇല്ലന്നതും ഒരു യാഥാര്‍ത്ഥ്യമാണ്.ഈ ആക്രമണകാരിയെ ഇന്ത്യ സ്വന്തമാക്കുമെന്ന റിപ്പോര്‍ട്ടുകള്‍ ചൈനയെയും പാക്കിസ്ഥാനെയും മാത്രമല്ല, സാക്ഷാല്‍ അമേരിക്കയെ പോലും അമ്പരിപ്പിച്ചിട്ടുണ്ട്. യുക്രെയിന്‍ വിഷയത്തില്‍ അമേരിക്കയും സഖ്യകക്ഷികളും റഷ്യക്കുമേല്‍ ഏര്‍പ്പെടുത്തിയ ഉപരോധത്തിന് എതിരായ നിലപാട് സ്വീകരിച്ച ഇന്ത്യ വൈറ്റ് സ്വാന്‍ന്റെ കാര്യത്തിലും വേറിട്ട നിലപാടാണ് ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്നത്. കടുത്ത എതിര്‍പ്പ് ഇക്കാര്യത്തില്‍ എല്ലാം ഉണ്ടായിട്ടും ഉപരോധത്തിലേക്ക് നീങ്ങാന്‍ അമേരിക്ക തയ്യാറാകാത്തത് ‘പണി’ പാളുമെന്ന് കണ്ടു തന്നെയാണ്. ഇന്ത്യയുടെ കാര്യത്തില്‍ കടുപ്പിച്ചാല്‍ ഫ്രാന്‍സ് ഉള്‍പ്പെടെയുള്ള ഭൂരിപക്ഷ സഖ്യകക്ഷികളും പിന്തുണയ്ക്കില്ലന്ന തിരിച്ചറിവും അമേരിക്കക്കുണ്ട്. മാത്രമല്ല, ചൈനയുടെ ഭീഷണി മറികടക്കാന്‍ ആ മേഖലയിലെ പ്രധാന ശക്തിയായ ഇന്ത്യയുടെ സഹായവും അമേരിക്കയ്ക്ക് അനിവാര്യമാണ്. ഈ വസ്തുത മുന്‍ നിര്‍ത്തിയാണ് നിലവില്‍ അമേരിക്കന്‍ ഭരണകൂടം മുന്നോട്ട് പോകുന്നത്.
എന്നാല്‍, ഇന്ത്യയാകട്ടെ മറ്റു രാജ്യങ്ങളുടെ ‘താല്‍പ്പര്യങ്ങള്‍ക്കും’ മീതെ സ്വന്തം രാജ്യത്തിന്റെ സുരക്ഷക്ക് തന്നെയാണ് വലിയ പ്രാധാന്യം നല്‍കുന്നത്. ഇതിന്റെ ഭാഗമായി ചരിത്രത്തില്‍ ആദ്യമായി ന്യൂക്ലിയര്‍ സിലോസ് സ്ഥാപിക്കാനുള്ള നീക്കമാണ് അണിയറയില്‍ പുരോഗമിക്കുന്നത്. ഭൂമിക്കടിയിലും മല ഇടുക്കുകള്‍, കാടുകള്‍ തുടങ്ങിയ പ്രദേശങ്ങളിലുമാണ് ഈ സംവിധാനം സ്ഥാപിക്കുക. ആണവായുധം ആദ്യം പ്രയോഗിക്കില്ലന്നത് ഇന്ത്യയുടെ പ്രഖ്യാപിത നയം തന്നെയാണ്. എന്നാല്‍, പ്രതിരോധത്തിന് അനിവാര്യമെന്നു കണ്ടാല്‍ ഇരട്ട പ്രഹര ശേഷിയോടെ അത് രാജ്യം പ്രയോഗിക്കുക തന്നെ ചെയ്യും. അത്തരം ഘട്ടത്തില്‍ ഉപയോഗിക്കാനാണ് ന്യൂക്ലിയര്‍ സിലോസ് നിലവില്‍ സ്ഥാപിക്കുന്നത്. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ രഹസ്യമേഖലകള്‍ ഇതിനായി കണ്ടെത്തിയിട്ടുണ്ട്. ഇന്ത്യ സ്വയം വികസിപ്പിച്ച സംവിധാനം കൂടിയാണിത്. ഇതിനു പുറമെ, ഏത് റഡാറുകളെയും വെട്ടിച്ച് പറക്കുന്ന അമേരിക്കയുടെ F35 യുദ്ധവിമാനവും ഇന്ത്യ ഉടന്‍ സ്വന്തമാക്കും. സ്റ്റെല്‍ത്ത് വിഭാഗത്തില്‍പ്പെട്ട വിമാനമാണിത്. ഈ യുദ്ധവിമാനങ്ങളിലും ആണവ ആയുധങ്ങള്‍ ഘടിപ്പിക്കാന്‍ പറ്റും. വന്‍ പ്രഹരശേഷിയാണ് F35ന് ഉള്ളത്.
അമേരിക്കയുടെ തന്നെ എം.എച്ച് റോമിയോ എന്ന നാവിക ഹെലികോപ്ടറും ഇന്ത്യ ഇതിനകം തന്നെ സ്വന്തമാക്കിയിട്ടുണ്ട്.നിലവില്‍ ഇന്ത്യയുടെ കൈവശമുള്ള അറ്റാക്ക് ഹെലികോപ്ടര്‍ അപ്പാച്ചെയുടെ പ്രകടനത്തിന് തുല്യമാണ് റോമിയോയുടെ പ്രകടനം. ലോകത്തെ ഏറ്റവും മികച്ച നാവിക ഹെലികോപ്ടറാണിത്. അപ്പാച്ചെ കരയില്‍ ആക്രമിക്കുമ്പോള്‍ റോമിയോ കടലിലാണ് കരുത്ത് കാട്ടുക. രണ്ടും അമേരിക്കന്‍ നിര്‍മ്മിതമാണെന്നതും ശ്രദ്ധേയമാണ്. ഇതുകൊണ്ടും തീരുന്നില്ല ഇന്ത്യയുടെ മുന്നേറ്റം. രാജ്യം സ്വന്തമായി വികസിപ്പിക്കുന്ന അഞ്ചാം തലമുറ യുദ്ധവിമാനങ്ങളും അണിയറയില്‍ തയ്യാറായി കൊണ്ടിരിക്കുകയാണ്. ലോകത്തെ മികച്ച അഡ്വാന്‍സ് ടെകനോളജിയോടെയാണ് ഈ വിമാനങ്ങള്‍ പുറത്തിറക്കുക. ലോക രാജ്യങ്ങള്‍ ആശങ്കയോടെ നോക്കി കാണുന്ന മറ്റൊരു ‘രഹസ്യ’ ആയുധവും അണിയറയില്‍ തയ്യാറായി കൊണ്ടിരിക്കുകയാണ്. ഇതുവരെ ഇന്ത്യ ഔദ്യോഗികമായി വെളിപ്പെടുത്താത്ത ‘അഗ്‌നി’ ശ്രേണിയില്‍പ്പെട്ട അതീവ അപകടകാരിയായ മിസൈലിന്റെ പതിപ്പാണത്. ഭൂമിയെ ഒരു വട്ടം വലയം വച്ച് ശത്രുവിന്റെ ലക്ഷ്യസ്ഥാനം തകര്‍ക്കാന്‍ ശേഷിയുള്ള മിസൈലാണിതെന്നാണ് സൂചന. ഈ ഇന്റര്‍ കോണ്ടിനന്റെല്‍ ബാല സ്റ്റിക് മിസൈലിന് സര്‍വ്വതും ചാമ്പലാക്കുന്നതിനുള്ള ശേഷിയുണ്ടാകുമെന്നാണ് ഈ രംഗത്തെ വിദഗ്ദരും ചൂണ്ടിക്കാട്ടുന്നത്. ലോകത്തെ പ്രമുഖ രഹസ്യാന്വേഷണ ഏജന്‍സികളെല്ലാം ഇന്ത്യയുടെ ഈ ‘കുന്തമുന’ യുടെ രഹസ്യമാണ് തേടി കൊണ്ടിരിക്കുന്നത്. ഈ മിസൈല്‍ കൂടി വരുന്നതോടെ സമസ്ത മേഖലയിലും ഇന്ത്യന്‍ പ്രതിരോധം കൂടുതല്‍ ശക്തമാകും. പിന്നെ ഒരു രാജ്യത്തിനും, ഇന്ത്യയോട് ‘മുട്ടാന്‍’ ധൈര്യം കാണുകയില്ല. സൈന്യം ആഗ്രഹിക്കുന്നതും, അതു തന്നെയാണ്.
EXPRESS KERALA VIEW