നവജാത ശിശുവിനെ പുറത്തേക്കു എറിഞ്ഞു; ഇന്ത്യക്കാരിക്കെതിരെ അമേരിക്കയില്‍ കേസ്

ന്യൂയോർക്ക് : നവജാത ശിശുവിനെ ജനൽ വഴി പുറത്തേക്ക് വലിച്ചെറിഞ്ഞ ഇന്ത്യൻ വംശജക്കെതിരെ അമേരിക്കയിൽ കേസ്. 23 കാരിയായ സബിത ദുക്രത്തിനെതിരെയാണ് കൊലപാതക ശ്രമത്തിന് കേസെടുത്തിരിക്കുന്നത്. ന്യൂയോര്‍ക്കിലെ ക്വീന്‍സ് നിവാസിയാണ് സബിത. ശനിയാഴ്ച്ച കുളിക്കുന്നതിനിടെ ഒരു ആൺകുഞ്ഞിനെ പ്രസവിച്ച സബിത പരിഭ്രാന്തയായതിനെ തുടർന്ന് ജനൽ വഴി പുറത്തേയ്ക്ക് വലിച്ചെറിയുകയായിരുന്നു.

ഈ സംഭവം  മറ്റുള്ളവരെ അറിയിക്കാതെ സബിത വാഷ്‌റൂം വൃത്തിയാക്കുകയും ചെയ്തു. പിന്നീട് കുളിച്ച ശേഷം സബിത ഉറങ്ങാന്‍ പോയി. അന്വേഷണ ഉദ്യോഗസ്ഥരോട് സബിത തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. കരച്ചില്‍ കേട്ട് എത്തിയ അയല്‍വാസികളാണ് കുഞ്ഞിനെ കണ്ടെത്തിയത്. വീഴ്ചയില്‍ ഗുരുതരാവസ്ഥയിലായ കുഞ്ഞിനെ കുട്ടികളുടെ ആശുപത്രിയിലേക്ക് മാറ്റി.

അയൽവാസികളാണ് ഇക്കാര്യം പൊലീസിനെ അറിയിച്ചത്. മസ്തിഷ്ക രക്തസ്രാവം, തലച്ചോറിന്റെ വീക്കം, തലയോട്ടിയിലെ ഒടിവ് തുടങ്ങി നിരവധി പരിക്കുകള്‍ കുഞ്ഞിന് സംഭവിച്ചിട്ടുണ്ട്. കുഞ്ഞ് ഇപ്പോഴും ഗുരുതരാവസ്ഥയിലാണ്. യുവതിക്കെതിരെ പൊലീസ് കൊലപാതശ്രമത്തിന് കേസെടുത്തു.

Top