പുന:സംഘടനയിൽ ഉലഞ്ഞ് കോൺഗ്രസ്സ്, മുഖ്യനാവാൻ കരുത്ത് നേടുക ലക്ഷ്യം . . !!

ത്ര തിരിച്ചടി ലഭിച്ചാലും അതില്‍ നിന്നും പാഠം പഠിക്കാത്ത ഒരു പാര്‍ട്ടിയാണ് ഇന്ത്യന്‍ നാഷ്ണല്‍ കോണ്‍ഗ്രസ്സ്.സ്വന്തം കയ്യിലിരിപ്പ് കൊണ്ടു മാത്രമാണ് വട്ടിയൂര്‍ക്കാവും കോന്നിയും ആ പാര്‍ട്ടിക്ക് കൈവിട്ടത്. എറണാകുളത്തെ വിജയമാകട്ടെ അതി ദയനീയവുമാണ്. ഉറച്ച ഈ കോട്ടകളിലെ അടിയൊഴുക്കുകള്‍ കാണാതെയാണ് പദവികള്‍ക്കായി ‘പാരകളുമായി’ നേതാക്കളിപ്പോഴും പ്രവര്‍ത്തിക്കുന്നത്.

കെ.പി.സി.സി പുന:സംഘടനയെ ചൊല്ലി കോണ്‍ഗ്രസ്സില്‍ ഭിന്നത രൂക്ഷമായിരിക്കുകയാണ്. ജംബോ പട്ടിക പുറത്ത് വന്നാലും ഇല്ലങ്കിലും ഈ ഭിന്നത പരിധി വിടുമെന്ന കാര്യവും ഉറപ്പാണ്. ഗ്രൂപ്പുകള്‍ക്ക് മീതെ ഒരു പട്ടിക തയ്യാറാക്കാനുള്ള കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളിയുടെ നീക്കം തുടക്കത്തിലേ തന്നെ പാളിയിരുന്നു.ഇപ്പോള്‍ ഗ്രൂപ്പുകള്‍ തെളിക്കുന്ന പാതയിലൂടെയാണ് അദ്ദേഹത്തിന്റെയും സഞ്ചാരം.

ഭാരവാഹി പട്ടികയില്‍ ഇടം തന്നില്ലങ്കില്‍ ഗ്രൂപ്പ് മാറുമെന്ന ഭീഷണി പോലും ഒരു വിഭാഗം ഉയര്‍ത്തി കഴിഞ്ഞു. ഐ ഗ്രൂപ്പിലാണ് പാളയത്തില്‍ പട ശക്തമായി ഉയര്‍ന്നിരിക്കുന്നത്. ഇക്കാര്യത്തില്‍ എ ഗ്രൂപ്പ് നേതാക്കളിലുമുണ്ട് ആശങ്ക.

ഒരാള്‍ക്ക് ഒരു പദവി എന്ന നിലപാടിനോട് ഐ വിഭാഗം കടുത്ത എതിര്‍പ്പാണ് ഉയര്‍ത്തിയിരിക്കുന്നത്. എന്നാല്‍ എ ഗ്രൂപ്പ് ഈ നിര്‍ദേശത്തോട് യോജിക്കുന്നുമുണ്ട്.

ജംബോ പട്ടിക സംഘടനാ സെക്രട്ടറി കെ.സി വേണുഗോപാല്‍ ഇടപെട്ട് വെട്ടി തിരുത്തുമോ എന്ന ആശങ്കയും ഗ്രൂപ്പ് നേതാക്കള്‍ക്കുണ്ട്. ഐ വിഭാഗം മുന്‍ നേതാവായ കെ.സി വേണുഗോപാല്‍ ഐ ഗ്രൂപ്പില്‍ തന്നെ നിലവില്‍ ഒരു കുറു മുന്നണിയുണ്ടാക്കിയിട്ടുണ്ട്. ഈ വിഭാഗത്തെ ശക്തിപ്പെടുത്തേണ്ടത് കെ.സിയുടെ നിലനില്‍പ്പിനും അനിവാര്യമാണ്.

ഉമ്മന്‍ ചാണ്ടിയെയും ചെന്നിത്തലയെയും വെട്ടി അടുത്ത തവണ മുഖ്യമന്ത്രിയാവുക എന്നതാണ് കെ.സിയുടെ മനസ്സിലിരിപ്പ്. ഈ ഉദ്ദേശം അറിയുന്നത് കൊണ്ട് തന്നെ ജാഗ്രതയോടെയാണ് ചെന്നിത്തല പോലും ഇപ്പോള്‍ നീങ്ങുന്നത്. ഒരാള്‍ക്ക് ഒരു പദവി എന്ന നിര്‍ദ്ദേശത്തെ ഐ ഗ്രൂപ്പ് എതിര്‍ക്കാന്‍ കാരണവും ആഭ്യന്തര കലഹം മുന്‍ നിര്‍ത്തിയാണ്.

ഐ വിഭാഗം നേതാക്കളായ കെ.മുരളിധരനും സുധാകരനുമൊന്നും വലിയ താല്‍പ്പര്യം നിലവില്‍ ചെന്നിത്തലയോടില്ല. എം.പിമാരായതിനാല്‍ അടുത്ത നിയമസഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനും ഇവര്‍ക്ക് കഴിയുകയില്ല.

ചെന്നിത്തലയ്ക്ക് മുന്നിലെ ഒരു പ്രധാന വെല്ലുവിളി ഒഴിഞ്ഞെങ്കിലും മുരളീധരന്റെ നിലപാട് ഇപ്പോഴും തിരിച്ചടിയാണ്.ഐ വിഭാഗത്തിലെ നല്ലൊരു വിഭാഗം ഇപ്പോഴും മുരളീധരന്റെ കൂടെയാണ്. അദ്ദേഹമാകട്ടെ ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയാകണമെന്നാണ് ആഗ്രഹിക്കുന്നത്.

ഭൂരിപക്ഷം കിട്ടിയാലും എം.എല്‍.എമാരുടെ ‘തലയെണ്ണല്‍’ഗ്രൂപ്പ് തിരിച്ചും ഇനി കോണ്‍ഗ്രസ്സില്‍ നടക്കും. ഇതില്‍ മുന്‍ തൂക്കം ഏത് ഗ്രൂപ്പിനാണോ അവരായിരിക്കും മുഖ്യമന്ത്രിയാവുക.

നിലവില്‍ കയ്യിലിരിക്കുന്ന രണ്ട് സിറ്റിംഗ് സീറ്റുകളാണ് ഉപതിരഞ്ഞെടുപ്പില്‍ ഐ ഗ്രൂപ്പിന് നഷ്ടമായിരിക്കുന്നത്. അരൂരില്‍ വിജയിച്ച ഷാനിമോള്‍ക്കാകട്ടെ ഇപ്പോള്‍ താല്‍പ്പര്യം എ വിഭാഗത്തിനോടുമാണ്. ചെന്നിത്തല ചതിച്ചത് കൊണ്ടാണ് ലോകസഭ തിരഞ്ഞെടുപ്പില്‍ ആലപ്പുഴ കൈവിട്ടതെന്നാണ് അവര്‍ കരുതുന്നത്.

അരൂര്‍ സീറ്റ് ഷാനിമോള്‍ക്ക് നല്‍കിയതില്‍ ആലപ്പുഴയിലെ ഐ വിഭാഗത്തില്‍ ഇപ്പോഴും അതൃപ്തി നിലനില്‍ക്കുന്നുമുണ്ട്.

പരമാവധി വിജയ സാധ്യതയുള്ള സീറ്റുകളില്‍ മത്സരിക്കുക എന്നതാണ് എ ഗ്രൂപ്പിന്റെ പുതിയ തന്ത്രം.സീറ്റുകള്‍ തുല്യമായി വീതിച്ചാലും വിജയ സാധ്യതയുള്ള മണ്ഡലങ്ങള്‍ വിട്ടുകൊടുക്കില്ലന്നതാണ് നയം.

ഉമ്മന്‍ ചാണ്ടിയല്ലാതെ മറ്റൊരു പേരും എ ഗ്രൂപ്പിനെ സംബന്ധിച്ച് മുഖ്യമന്ത്രി സ്ഥാനത്തേക്കില്ല. മുസ്ലീം ലീഗിന്റെ പിന്തുണയും ഇക്കാര്യത്തില്‍ ഗ്രൂപ്പ് നേതൃത്വം പ്രതീക്ഷിക്കുന്നുണ്ട്. എന്നാല്‍ കേരള കോണ്‍ഗ്രസ്സിലെ ഒരു വിഭാഗത്തിലാണ് ചെന്നിത്തല വിഭാഗത്തിന്റെ കണ്ണ്.

പാര്‍ട്ടി എം.എല്‍.എമാരില്‍ മേധാവിത്വം കിട്ടിയാലും ഘടകകക്ഷികള്‍ ഉടക്കിയാല്‍ ‘പണി’ പാളുമെന്ന് കണ്ടാണ് ഈ നീക്കം.
കേരള കോണ്‍ഗ്രസ്സിലെ രണ്ട് വിഭാഗത്തെയും ഒപ്പം നിര്‍ത്തണമെന്ന വാശിയും ഐ വിഭാഗത്തിനാണ്.

ചെന്നിത്തലയെ സംബന്ധിച്ചും ഉമ്മന്‍ ചാണ്ടിയെ സംബന്ധിച്ചും അവസാനത്തെ അവസരമാണിത്. 2021ല്‍ മുഖ്യമന്ത്രിയാവാന്‍ പറ്റിയില്ലങ്കില്‍ ഇനി ഒരിക്കലും ഇരുവര്‍ക്കും അത് സാധ്യമാകുകയില്ല. ആരോഗ്യ പ്രശ്നം മാത്രമല്ല, രാഷ്ട്രീയ സാഹചര്യങ്ങളും പുതിയ കാലഘട്ടത്തില്‍ മാറി മറിയുകയാണ്. കോണ്‍ഗ്രസ്സില്‍ യുവ നിരയും പൊട്ടിത്തെറിയുടെ വക്കിലാണ്. കെ.പി.സി.സി പുന:സംഘടന പട്ടികയില്‍ ശരിക്കും ഈ വിഭാഗം തഴയപ്പെട്ടു കഴിഞ്ഞു.ഈ അമര്‍ഷം കത്തിപ്പടര്‍ന്നാല്‍ ‘മൂത്ത’ നേതാക്കളുടെ കാര്യം ശരിക്കും അവതാളത്തിലാകും.

തദ്ദേശ തിരഞ്ഞെടുപ്പില്‍ തിരിച്ചടി നേരിട്ടാല്‍ അത് യു.ഡി.എഫിന്റെ സാധ്യതകളെയാണ് ബാധിക്കുക. പ്രതിപക്ഷ നേതാവ് സ്ഥാനത്ത് നിന്നും ചെന്നിത്തലയ്ക്ക് മാറേണ്ട സാഹചര്യം പോലും അപ്പോഴുണ്ടാകും.

ഉമ്മന്‍ ചാണ്ടിക്ക് വേണ്ടി ‘എ’ വിഭാഗം ഈ അവസരത്തിലാകും അവകാശവാദം ഉന്നയിക്കുക. അതേസമയം ആരോഗ്യകരമായ കാര്യങ്ങള്‍ മുന്‍ നിര്‍ത്തി ഉമ്മന്‍ ചാണ്ടിയുടെ സാധ്യതക്ക് പാരവയ്ക്കാന്‍ ഐ ഗ്രൂപ്പും തയ്യാറായേക്കും.ഈ തമ്മിലടിയില്‍ നേട്ടം കൊയ്യാന്‍ പറ്റുമോ എന്നതാണ് മുല്ലപ്പള്ളിയും വേണുഗോപാലുമെല്ലാം ശ്രമിക്കുക.

അധികാര മോഹം അലങ്കാരമായി കൊണ്ടു നടക്കുന്ന പാര്‍ട്ടിയായതിനാല്‍ കോണ്‍ഗ്രസില്‍ ഒരു സാധ്യതയും തള്ളിക്കളയാന്‍ കഴിയുന്നതല്ല. തുടര്‍ ഭരണമെന്നത് കേരള ചരിത്രത്തില്‍ ഇല്ലന്നത് മാത്രമാണ് കോണ്‍ഗ്രസ്സിന്റെ ആത്മവിശ്വാസത്തിന് അടിസ്ഥാനം.അടുത്ത തവണ യു.ഡി.എഫ് സര്‍ക്കാരെന്ന് നേതാക്കള്‍ ഉറപ്പിക്കുന്നത് തന്നെ ഈ കണക്ക് കൂട്ടലിലാണ്.

അതേസമയം ചരിത്രം തിരുത്താനുള്ളതാണെന്ന് പ്രഖ്യാപിച്ചാണ് ഇടതുപക്ഷമിപ്പോള്‍ മുന്നോട്ട് പോകുന്നത്. പാല, വട്ടിയൂര്‍ക്കാവ്, കോന്നി കോട്ടകള്‍ പൊളിച്ചടുക്കിയതാണ് ചുവപ്പ് പ്രതീക്ഷയുടെ അടിസ്ഥാനം. തദ്ദേശ തിരഞ്ഞെടുപ്പിലും മിന്നുന്ന പ്രകടനം കാഴ്ചവച്ചാല്‍ 2021ഉം ചുവക്കുമെന്നാണ് സി.പി.എം നേതൃത്വം അവകാശപ്പെടുന്നത്.

Political Reporter

Top