മിഗ്- 29കെ ഐഎൻഎസ് വിക്രാന്തിൽ ആദ്യത്തെ രാത്രി ലാൻഡിംഗ് നടത്തി; നേവിക്ക് ചരിത്ര നിമിഷം

ദില്ലി: വീണ്ടും ചരിത്ര നേട്ടവുമായി ഇന്ത്യൻ നേവി. വിമാനവാഹിനിക്കപ്പലായ ഐഎൻഎസ് വിക്രാന്തിൽ മിഗ് 29 കെ യുദ്ധവിമാനം രാത്രിയിൽ കന്നി ലാൻഡിങ് നടത്തിയാണ് ഇന്ത്യൻ നേവി സുപ്രധാന നാഴികക്കല്ല് പിന്നിട്ടിരിക്കുന്നത്. ഇന്ത്യ തദ്ദേശീയമായി നിർമിച്ച വിമാനവാഹിനിക്കപ്പലാണ് ഐഎൻഎസ് വിക്രാന്ത്. വിക്രാന്തിൽ രാത്രിയിൽ മിഗ് 29കെ ലാൻഡ് ചെയ്യുന്നത് ആദ്യമാണ്.

ഈ സുപ്രധാന നേട്ടം ആത്മനിർഭർ ഭാരതിന് ഇന്ത്യൻ നേവി നൽകുന്ന ഊർജത്തിന്റെ സൂചകമാണെന്നും നേവി വക്താവ് ട്വിറ്ററിൽ കുറിച്ചു. വെല്ലുവിളി നിറഞ്ഞ രാത്രി ലാൻഡിങ് ട്രെയൽ വിക്രാന്ത് ക്രൂവിന്റെയും നാവികസേന പൈലറ്റുകളുടെയും വൈദഗ്ധ്യവും പ്രൊഫഷണിലിസവും പ്രകടമാക്കുന്നതാണെന്നും നേവി വ്യക്തമാക്കി.

നേരത്തെ ഐഎന്‍എസ് വിക്രാന്തില്‍ നിന്ന് മിഗ് 29 കെ വിമാനം ടേക്ക് ഓഫ് ചെയ്യുകയും ലാന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു. ചേതക്, സീ കിംഗ് ഹെലികോപ്ടര്‍ പോലുള്ളവ ഉപയോഗിച്ചായിരുന്നു വിക്രാന്തിന്റെ കടലിലുള്ള വൈമാനിക പരിശോധനകള്‍ നടത്തിയത്.

76 ശതമാനം ഇന്ത്യൻ നിർമിത വസ്തുക്കളാണ് കപ്പലിന്റെ നി‍ര്‍മ്മാണത്തിനായി ഉപയോഗിച്ചിട്ടുള്ളത്. ചെറുതും വലുതുമായ 30 യുദ്ധവിമാനങ്ങൾ വഹിക്കാൻ ഈ കൂറ്റൻ യുദ്ധക്കപ്പലിന് ശേഷിയുണ്ട്. 860 അടി നീളമാണ് ഐഎൻഎസ് വിക്രാന്തിനുള്ളത്. 40,000 ടൺ ഭാരമുള്ള സ്റ്റോബാൻ ഇനത്തിൽ പെട്ട ഐഎൻഎസ് വിക്രാന്ത്രിന് 3500 കോടി രൂപയാണ് നിർമാണചെലവ്.

30 യുദ്ധ വിമാനങ്ങളെയും പത്തോളം ഹെലിക്പ്റ്ററുകളെയും ഒരേ സമയം കപ്പലിൽ ഉൾക്കൊളാനാവും. 12 വര്‍ഷത്തോളം നീണ്ട നിര്‍മ്മാണത്തിനിടെ രാഷ്ട്രപതി, പ്രതിരോധമന്ത്രി, നാവികസേനാ മേധാവി, കേന്ദ്ര ഷിപ്പിംഗ് മന്ത്രി തുടങ്ങി നിരവധി വിവിഐപികൾ വിക്രാന്ത് കാണാനായി എത്തിയിരുന്നു.

Top