ഫോനി അതിതീവ്ര അവസ്ഥയില്‍; മണിക്കൂറില്‍ 200 കിലോമീറ്റര്‍ വരെ വേഗത,ജാഗ്രതാ നിര്‍ദേശം

ന്യൂഡല്‍ഹി: ഫോനി ചുഴലിക്കാറ്റ് അതിതീവ്ര അവസ്ഥയില്‍ എത്തിയെന്ന് ഇന്ത്യന്‍ നാവികസേനയുടെ മുന്നറിയിപ്പ്. ഫോനി ചുഴലിക്കാറ്റ് ആന്ധ്ര, ഒഡീഷ തീരത്തു നിന്ന് 700 കിലോമീറ്റര്‍ അകലെ ശക്തി പ്രാപിക്കുമെന്നാണ് മുന്നറിയിപ്പില്‍ വ്യക്തമാക്കിയിരിക്കുന്നത്.

വടക്കുപടിഞ്ഞാറന്‍ ദിശയില്‍ സഞ്ചരിക്കുന്ന ഫോനി വടക്കുകിഴക്കന്‍ ദിശയിലേക്കു തിരിയുമെന്നും വെള്ളിയാഴ്ച ഉച്ചയ്ക്കു ശേഷം മണിക്കൂറില്‍ 200 കിലോമീറ്റര്‍ വരെ വേഗത്തില്‍ ഒഡീഷ തീരത്ത് ആഞ്ഞടിക്കുമെന്നും മുന്നറിയിപ്പില്‍ പറയുന്നു. കനത്ത മഴയ്ക്കും സാധ്യതയുണ്ട്. ഒഡീഷയില്‍ നിന്ന് ചുഴലിക്കാറ്റ് ബംഗാളിലേക്കാവും നീങ്ങുന്നത്.

ഒഡീഷയുടെ തീരമേഖല, തമിഴ്‌നാട്, ആന്ധ്ര എന്നിവിടങ്ങളിലാണ് കൂടുതല്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുന്നത്. കനത്ത മഴ എത്തുമ്പോള്‍ ഫോനിയുടെ വേഗത മണിക്കൂറില്‍ 175-185 കിലോമീറ്റര്‍ ആയിരിക്കുമെന്നും കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. ദേശീയ ദുരന്ത നിവാരണ സമിതിയോട് ചുഴലിക്കാറ്റ് അടിക്കാന്‍ സാധ്യതയുള്ള സംസ്ഥാനങ്ങളുമായി ബന്ധപ്പെടാന്‍ പ്രധാനമന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഒഡീഷയില്‍ പത്തുലക്ഷത്തോളം പേരെ പാര്‍പ്പിക്കാന്‍ കഴിയുന്ന 879 സുരക്ഷിതകേന്ദ്രങ്ങള്‍ ഒരുക്കി. കപ്പലുകളും ഹെലികോപ്റ്ററുകളും വിന്യസിച്ച് നാവികസേന രക്ഷാപ്രവര്‍ത്തനത്തിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാക്കിയിട്ടുണ്ട്.

Top