ആയുധങ്ങളുമായി മത്സ്യബന്ധന ബോട്ട് ഇന്ത്യന്‍ നാവികസേന പിടിച്ചെടുത്തു

മുംബൈ: തോക്കുകളുമായി മത്സ്യബന്ധന ബോട്ട് പിടിയില്‍. എകെ 47 ഉള്‍പ്പെട്ട ബോട്ട് ഇന്ത്യന്‍ നാവിക സേനയാണ് കണ്ടെത്തിയത്. ആയുധങ്ങള്‍ പിടിച്ചെടുത്ത ശേഷം ബോട്ട് വിട്ടയച്ചു. സൊമാലിയന്‍ തീരത്തുനിന്ന് 25 നോട്ടിക്കല്‍ മൈല്‍ അകലെ ബോട്ട് അനധികൃതമായി മത്സ്യബന്ധത്തില്‍ ഏര്‍പ്പെട്ടിരിക്കുകയായിരുന്നെന്ന് നേവി വ്യക്തമാക്കി.

കൊച്ചിയിലെ ദക്ഷിണമേഖല നാവിക ആസ്ഥാനത്ത് നിന്ന് ഏദന്‍ കടലിടുക്കില്‍ പെട്രോളിംഗിനായി നിയോഗിച്ച ഐ എന്‍ എസ് സുനയ്‌ന കപ്പലിലെ നാവികരാണ് നാല് എ കെ 47, ഒരു ലൈറ്റ് മെഷീന്‍ ഗണ്‍ അടക്കം പിടിച്ചെടുത്തത്.

സൊകോട്ര ദ്വീപിന് സമീപത്തായിരുന്നു മത്സ്യബന്ധന ബോട്ട് ഉണ്ടായിരുന്നത്. മത്സ്യബന്ധനത്തില്‍ ഏര്‍പ്പെട്ട ബോട്ട് പരിശോധിച്ചപ്പോഴാണ് ആയുധങ്ങള്‍ കണ്ടെത്തിയത്. മത്സ്യബന്ധന ബോട്ട് പരിശോധനയ്ക്ക് ശേഷം നേവി വിട്ടയച്ചു. ആയുധങ്ങള്‍ കസ്റ്റഡിയിലെടുത്ത് മുംബൈയിലേക്ക് കൊണ്ടുവന്നു.

ഗള്‍ഫില്‍ നിന്നടക്കം വാണിജ്യ ആവശ്യങ്ങള്‍ക്കായി സൊമാലിയന്‍ തീരത്തുകൂടി സഞ്ചരിക്കുന്ന കപ്പലുകള്‍ കടല്‍കൊള്ളക്കാരുടെ ആക്രമണത്തിന് ഇരയാകുന്നത് പതിവായതോടെയാണ് ഈ മേഖലയില്‍ ഇന്ത്യന്‍ നാവിക സേന പെട്രോളിംഗിനായി സ്ഥിരം സംഘത്തെ നിയോഗിച്ചത്.

Top