ജെയ്ഷെയില്‍ മുങ്ങല്‍ വിദഗ്ധരായ ചാവേറുകള്‍; കടലിനടിയിലൂടെ ഭീകരാക്രമണത്തിന് പദ്ധതി…

ന്യൂഡല്‍ഹി: ഭീകരാക്രമണത്തിനായി ജെയ്‌ഷെ പുതിയ വഴികള്‍ തേടുന്നുണ്ടെന്ന് മുന്നറിയിപ്പ്. കടലിനടിയിലൂടെ രാജ്യത്തെ ആക്രമിക്കാനുള്ള പരിശീലനം ജെയ്ഷെ മുഹമ്മദ് ഭീകരര്‍ക്ക് നല്‍കുന്നതായി റിപ്പോര്‍ട്ടുണ്ടെന്ന് നാവിക സേനാ മേധാവി അഡ്മിറല്‍ കരംബിര്‍ സിങ് വെളിപ്പെടുത്തി. പുണെയില്‍ നടന്ന ജനറല്‍ ബി.സി ജോഷി അനുസ്മരണ പ്രഭാഷണ വേദിയിലാണ് നാവികസേനാ മേധാവിയുടെ വെളിപ്പെടുത്തല്‍.

ഭീകരാക്രമണങ്ങള്‍ക്കായി ജെയ്ഷെ മുഹമ്മദിന്റെ മുങ്ങല്‍ വിദഗ്ധരായ ചാവേറുകള്‍ പരിശീലനം നേടുന്നുവെന്ന ഇന്റലിജന്‍സ് വിവരങ്ങള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് നാവിക സേനാ മേധാവിയുടെ വെളിപ്പെടുത്തല്‍.എന്നാല്‍ കടല്‍വഴിയുള്ള എന്തുതരത്തിലുമുള്ള ഭീഷണിയും നേരിടാന്‍ നാവികസേന സജ്ജമാണെന്നും അഡ്മിറല്‍ കരംബിര്‍ സിങ് വ്യക്തമാക്കി.

ജെയ്‌ഷെയുടെ പുതിയ പദ്ധതി ഭീകരവാദത്തിന്റെ മാറിയ മുഖങ്ങളിലൊന്നാണ്. പക്ഷെ ഞങ്ങള്‍ സൂക്ഷമമായി നിരീക്ഷിക്കുന്നുണ്ട്. എന്തുതരത്തിലുമുള്ള സാഹസങ്ങളും പരാജയപ്പെടുത്താന്‍ നാവിക സേന നിതാന്ത ജാഗ്രത പുലര്‍ത്തുമെന്ന് ഉറപ്പുനല്‍കുന്നു- അഡ്മിറല്‍ കരംബിര്‍ സിങ് വ്യക്തമാക്കി.

ജെയ്ഷെ മുഹമ്മദിന്റെ മുങ്ങല്‍ വിദഗ്ദരായ ചാവേറുകള്‍ സമുദ്രത്തിനടയില്‍ കൂടി എങ്ങനെ ആക്രമണം നടത്താമെന്ന പരിശീലനം നേടിക്കൊണ്ടിരിക്കുകയാണ്. 2008ലെ മുംബൈ ഭീകരാക്രമണത്തിന് ശേഷം സമുദ്രതീരമേഖലയില്‍ സുരക്ഷാ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. തീര സംരക്ഷണ സേന, തീരദേശ പോലീസ്, നാവിക സേന, സംസ്ഥാന സര്‍ക്കാര്‍, മത്സ്യത്തൊഴിലാളികള്‍ എന്നിവ ചേര്‍ന്ന സംവിധാനമാണിത്. കടല്‍വഴിയുള്ള നുഴഞ്ഞുകയറ്റമുണ്ടാകുന്നില്ലെന്ന് ഉറപ്പുവരുത്താന്‍ സാധ്യമായതെല്ലാം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

Top