ന്യൂഡല്‍ഹി: ഇന്ത്യന്‍ നാവികസേന തലവനായി ചുമതലയേറ്റ ഉടന്‍ പുതിയ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച് അഡ്മിറല്‍ കരംബിര്‍ സിങ്. 26 നിദ്ദേശങ്ങളടങ്ങിയ ഉത്തരവില്‍ വിഐപി സംസ്‌കാരം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. സേനയില്‍ കീഴ്ജീവനക്കാരെ പാദസേവകരായി ഉയര്‍ന്ന ജീവനക്കാര്‍ കാണരുതെന്നും അവരെ ബഹുമാനിക്കണമെന്നും ആവശ്യപ്പെടുന്നുണ്ട്.
സേനയില്‍ മതപരമായ ആഘോഷങ്ങള്‍ക്കും പുതിയ തലവന്‍ നിയന്ത്രണമേര്‍പ്പെടുത്തിയതായാണ് റിപ്പോര്‍ട്ടുകള്‍.സേനയില്‍ ഉയര്‍ന്ന മേന്മ കൈവരിക്കാനുള്ളതാണ് 26 ഇന നിര്‍ദ്ദേശങ്ങള്‍. റാങ്കിങ് അനുസരിച്ച് ഭക്ഷണത്തിന്റെ നിലവാരവും ഉപയോഗിക്കുന്ന പാത്രങ്ങളും മാറുന്ന, സൈന്യത്തിലെ വിഐപി സംസ്‌കാരം ഇനി വേണ്ടെന്ന് കരംബീര്‍ സിങ് ഉത്തരവിട്ടു. ഒരേ തരത്തിലുള്ള ഭക്ഷണവും പാനീയവും പാത്രങ്ങളും സ്പൂണുകളും മാത്രമേ ഉപയോഗിക്കാവൂ എന്നാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. എല്ലാവര്‍ക്കും ഒരേ ഭക്ഷണവും പാനീയങ്ങളും മതിയെന്നും ഉച്ചനീചത്വങ്ങള്‍ വേണ്ടെന്നും അദ്ദേഹത്തിന്റെ ഉത്തരവിലുണ്ട്.
നാവികസേനാ മേധാവി സ്ഥാനത്ത് നിന്ന് അഡ്മിറല്‍ സുനില്‍ ലാംബ വിരമിച്ചതിന് പിന്നാലെയാണ് മെയ് 31 ന് കരംബീര്‍ സിങ് സ്ഥാനമേറ്റെടുത്തത്. വിശാഖപട്ടണത്തിലെ കിഴക്കന്‍ നാവികസേന ആസ്ഥാനത്ത് ഫ്ലാഗ് ഓഫീസര്‍ ഇന്‍ ചീഫായിരുന്നു മുന്‍പ് ഇദ്ദേഹം.