ആധുനികമായ നാവികസേനയായി മാറാനുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യന്‍ നാവികസേന: അഡ്മിറല്‍ ആര്‍ ഹരികുമാര്‍

തിരുവനന്തപുരം: ഏറ്റവും ആധുനികമായ നാവികസേനയായി മാറാനുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യന്‍ നാവികസേനയെന്ന് അഡ്മിറല്‍ ആര്‍ ഹരികുമാര്‍. കഴിഞ്ഞ പത്ത് വര്‍ഷം കൊണ്ട് 33 യുദ്ധകപ്പലുകള്‍ സേനയുടെ ഭാഗമായെന്നും ഇനി അഗ്നിവീറുകള്‍ നാവികസേനയിലെത്തുമ്പോള്‍ സേനയുടെ ശരാശരി പ്രായം 26 ആയി കുറയുമെന്നും ഹരികുമാര്‍ പറഞ്ഞു.

പോരാട്ട ഘടകങ്ങള്‍ക്കും ഇപ്പോള്‍ വളരെയധികം ഊന്നല്‍ നല്‍കിയിട്ടുണ്ട്. എല്ലാ ആയുധങ്ങളും ആയുധ സംവിധാനങ്ങളും സെന്‍സറുകളും റഡാറുകളും മിസൈല്‍ ലോഞ്ചറുകളും മിസൈലുകളും എല്ലാം തന്നെ ഭാരതത്തില്‍ നിര്‍മ്മിക്കുക എന്നതാണ് ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.തദ്ദേശീയമായി നിര്‍മിക്കുന്ന രണ്ടാമത്തെ വിമാനവാഹിനി കപ്പലില്‍ ഭാവി കണക്കാക്കിയുള്ള ആധുനിക സംവിധാനങ്ങള്‍ ഉണ്ടാവും. 65,000 ടണ്‍ ശേഷിയുള്ള കപ്പലായിരിക്കും. വേഗത്തില്‍ നിര്‍മിക്കാനാകുമോ എന്നതാണ് നോക്കുന്നതെന്നും ആര്‍ ഹരികുമാര്‍ പറഞ്ഞു.

സ്ത്രീകള്‍ക്കും അന്തര്‍വാഹിനിയില്‍ ജോലി ചെയ്യാനാകും. സ്ത്രീ ശക്തി കൂട്ടുകയാണ് ലക്ഷ്യം. 2047ല്‍ വന്‍ ശക്തിയായി മാറാനാണ് ശ്രമം. ബ്രഹ്‌മോസ് മിസൈലും കരുത്ത് കൂട്ടുന്നതാണ്. വിഴിഞ്ഞത്ത് നാവിക കേന്ദ്രമാണ് മറ്റൊരു പദ്ധതി. സംവിധാനം ഒരുക്കുന്ന മുറയ്ക്ക് അതിനെക്കുറിച്ച് ആലോചിക്കും. നിലവില്‍ നാവിക കേന്ദ്രം തുടങ്ങാന്‍ ആലോചനയില്ല.

Top