ഗള്‍ഫ് രാജ്യങ്ങളില്‍ കുടുങ്ങിയ പ്രവാസികളെ കടല്‍ മാര്‍ഗ്ഗവും ഒഴിപ്പിക്കും; യുദ്ധക്കപ്പലുകള്‍ സജ്ജം

ന്യൂഡല്‍ഹി ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് നാട്ടിലേക്ക് മടങ്ങാന്‍ കാത്തിരിക്കുന്ന ലക്ഷക്കണക്കിന് ഇന്ത്യക്കാരെ തിരികെയെത്തിക്കാന്‍ ഇന്ത്യന്‍ നാവിക സേന മൂന്നു വലിയ യുദ്ധക്കപ്പലുകള്‍ സജ്ജമാക്കിയതായി റിപ്പോര്‍ട്ട്.

ഐഎന്‍എസ് ജലാശ്വ എന്ന വലിയ കപ്പലും, കുംഭിര്‍ ക്ലാസില്‍ പെട്ട രണ്ട് ടാങ്ക് ലാന്‍ഡിങ് കപ്പലുകളുമാണ് നിലവില്‍ ഇന്ത്യക്കാരെ ഒഴിപ്പിക്കാനായി ഉപയോഗിക്കുന്നത്. കപ്പലുകള്‍ സജ്ജമാക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശം അനുസരിച്ചാണ് നാവികസേനയുടെ നടപടി. സര്‍ക്കാര്‍ നിര്‍ദ്ദേശം ലഭിച്ചാലുടന്‍ ഇവ ഗള്‍ഫ് രാജ്യങ്ങളിലേക്ക് നീങ്ങിത്തുടങ്ങും.

ഐഎന്‍എസ് ജലാശ്വയെപ്പോലെ വമ്പന്‍ യുദ്ധക്കപ്പലുകള്‍ ആയതിനാല്‍ കൂടുതല്‍ ആളുകളെ ഒഴിപ്പിക്കാന്‍ കഴിയുമെന്നാണു കരുതുന്നത്. സാമൂഹിക അകലം പാലിച്ചാണെങ്കിലും ആയിരത്തിലധികം ആളുകളെ വരെ ഒരു കപ്പലില്‍ എത്തിക്കാന്‍ കഴിയും. ഈ മൂന്നു കപ്പലുകള്‍ക്ക് പുറമെ നാവികസേനയുടെ പക്കലുള്ള എട്ട് ടാങ്ക് ലാന്‍ഡിങ് കപ്പലുകളില്‍ ആറെണ്ണം കൂടി സജ്ജമായിരിക്കും. ആവശ്യമെന്നുകണ്ടാല്‍ ഇവയെയും ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിനായി ഉപയോഗിക്കും.

വിശാഖപട്ടണം, പോര്‍ട്ട്ബ്ലെയര്‍, കൊച്ചി എന്നിവിടങ്ങളിലായി എട്ട് എല്‍എസ്ടികളാണ് നാവികസേനയ്ക്കുള്ളത്. ഏതു തുറമുഖത്തുനിന്നാണ് നീങ്ങുന്നത് എന്നതിനെ ആശ്രയിച്ച് നാലു മുതല്‍ അഞ്ചു ദിവസം വരെയാണ് ഗള്‍ഫിലേക്കുള്ള യാത്രയ്ക്കു വേണ്ടിവരുന്നത്.

മുന്‍ഗണനാ ക്രമത്തില്‍ ആളുകളെ നാട്ടില്‍ തിരികെ എത്തിക്കാനാണു കേന്ദ്രസര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. കുടുംബത്തിലുണ്ടായ അത്യാഹിതങ്ങള്‍, ജോലി നഷ്ടപ്പെടല്‍, വര്‍ക്ക് പെര്‍മിറ്റിന്റെ കാലാവധി അവസാനിക്കല്‍ തുടങ്ങിയ കാരണങ്ങളുള്ള ഇന്ത്യക്കാരെയാകും ഒഴിപ്പിക്കുക. വിവിധ ഗള്‍ഫ് രാജ്യങ്ങളിലായി 80 ലക്ഷം ഇന്ത്യക്കാരാണ് ഉള്ളത്. ഇവരില്‍ അത്യാവശ്യ യാത്ര ആവശ്യമുള്ളവരെയാണ് ആദ്യം തിരികെ എത്തിക്കുക.

Top