ദില്ലി : അറബികടലിൽ കടൽക്കൊള്ളക്കാര്‍ റാഞ്ചിയ കപ്പലിലെ പതിനഞ്ച് ഇന്ത്യക്കാരടക്കം 21 ജീവനക്കാരെ ഇന്ത്യൻ നാവികസേന മോചിപ്പിച്ചു. കൊള്ളക്കാർ മുന്നറിയിപ്പിനെ തുടർന്ന് കപ്പൽ വിട്ടു പോയെന്നാണ് നാവിക സേന അറിയിച്ചത്. കപ്പൽ അടുത്ത തീരത്ത് എത്തിക്കാനുള്ള സഹായം നൽകുകയാണെന്നും നാവിക സേന അറിയിച്ചു.
സൊമാലിയ തീരത്തിന് അടുത്ത് വച്ചാണ് ലൈബീരിയൻ പതാകയുള്ള എംവി ലില നോര്‍ഫോക് കപ്പൽ കടൽക്കൊളളക്കാർ റാഞ്ചിയത്. നാവികസേനയുടെ യുദ്ധക്കപ്പൽ ഐഎൻഎസ് ചെന്നൈയാണ് ദൃത്യത്തിൽ പങ്കാളിയായത്. ഐഎൻഎസ് ചെന്നൈ കപ്പലിൽ നിന്ന് ഹെലികോപ്റ്റര്‍ കപ്പലിന് അടുത്തേക്ക് അയച്ചു. കുറ്റവാളികളോട് കപ്പൽ ഉപേക്ഷിക്കാൻ മുന്നറിയിപ്പ് നൽകി. പിന്നാലെ കപ്പലിനുളളിൽ കടന്നാണ് ദൌത്യം പൂർത്തിയാക്കിയത്.
#WATCH | Indian Navy’s boat near the hijacked vessel MV Lili Norfolk in the Arabian Sea. Indian Navy commandos secured the hijacked ship and rescued the crew including 15 Indians. The sanitisation operations are still on: Indian Navy officials pic.twitter.com/fJz02HSExV
— ANI (@ANI) January 5, 2024
ലൈബീരിയൻ പതാകയുള്ള എംവി ലില നോർഫോക്ക് എന്ന ചരക്കു കപ്പലാണ് ഇന്നലെ വൈകിട്ട് അഞ്ചോ ആറോ പേരടങ്ങുന്ന സംഘം റാഞ്ചിയത്. അറബികടലിൽ വച്ച് കപ്പൽ തട്ടിയെടുത്തുവെന്ന സന്ദേശം ബ്രിട്ടീഷ് സൈനിക ഏജൻസിയാണ് ഇന്ത്യൻ നാവിക സേനയ്ക്ക് നല്കിയത്. സൊമാലിയൻ തീരത്ത് വച്ചാണ് കപ്പൽ തട്ടിയെടുത്തത്. ആയുധങ്ങളുമായി കപ്പലിൽ കയറിയ സംഘം കപ്പൽ തട്ടിയെടുത്തുവെന്ന സന്ദേശം നൽകി. എന്നാൽ കപ്പൽ തീരത്തേക്ക് അടുപ്പിച്ചിരുന്നില്ല. നാവിക സേനയുടെ നിരീക്ഷണ വിമാനം ഇന്നു രാവിലെ കപ്പലിന് മുകളിലൂടെ പറന്ന് സ്ഥിതി വിലയിരുത്തിയ ശേഷമാണ് ഓപ്പറേഷൻ നടത്തിയത്.
യുദ്ധകപ്പലായ ഐഎൻഎസ് ചൈന്നൈ ഇന്നലെ രാത്രി തന്നെ മേഖലയിലേക്ക് തിരിച്ചിരുന്നു. ഇന്ന് ഐഎൻഎസ് ചെന്നൈയിൽ നിന്നുള്ള ഹെലികോപ്റ്റർ കടൽ കൊള്ളക്കാർക്ക് കപ്പൽ വിട്ടു പോകാനുള്ള മുന്നറിയിപ്പ് നൽകി. നാവികസേനയുടെ മാർകോസ് കമാൻഡോകളാണ് ഓപ്പറേഷന് പങ്കാളിയായത്. അന്താരാഷ്ട്ര ഏജൻസികളുമായി ചേർന്നാണ് ഇക്കാര്യത്തിൽ ഇന്ത്യയുടെ ഓപ്പറേഷൻ തുടരുന്നത്. അറബികടലിലും ചെങ്കടലിലും നേരത്തെ ഡ്രോൺ ഉപയോഗിച്ച് കപ്പലുകൾ തകർക്കാനുള്ള നീക്കം നടന്നിരുന്നു. ഇതിനു ശേഷം നാല് യുദ്ധകപ്പൽ ഈ മേഖലയിൽ വിന്യസിച്ച് ഇന്ത്യ നിരീക്ഷണം ശക്തമാക്കിയതിനു പിന്നാലെയാണ് ചരക്കുകപ്പൽ റാഞ്ചാനുള്ള ശ്രമം നടന്നിരിക്കുന്നത്.