അന്താരാഷ്ട്ര ഫ്ളീറ്റ് റിവ്യൂ; ഇന്ത്യയുടെ രണ്ട് യുദ്ധക്കപ്പലുകള്‍ ചൈനയിലേക്ക് തിരിക്കുന്നു

ബെയ്ജിങ്: ചൈനീസ് നേവി നടത്തുന്ന അന്താരാഷ്ട്ര ഫ്ളീറ്റ് റിവ്യൂവില്‍ പങ്കെടുക്കുന്നതിനായി ഇന്ത്യന്‍ നാവികസേനയുടെ രണ്ട് പടക്കപ്പലുകള്‍ ചൈനീസ് തുറമുഖത്ത് എത്തി. ഐഎന്‍എസ് കൊല്‍ക്കത്ത, ഐഎന്‍എസ് ശക്തി എന്നീ കപ്പലുകളാണ് ചൈനയുടെ കിഴക്കന്‍ തുറമുഖമായ ഖിന്‍ദാവോയിലെത്തിയത്. ഏപ്രില്‍ 22 മുതല്‍ 25 വരെ നടക്കുന്ന അന്താരാഷ്ട്ര ഫ്ളീറ്റ് റിവ്യൂവില്‍ ഇന്ത്യയെ കൂടാതെ മറ്റ് 12 ഓളം രാജ്യങ്ങളും പങ്കെടുക്കുന്നുണ്ട്.

പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി നേവി നിലവില്‍ വന്നിട്ട് 70 വര്‍ഷം പൂര്‍ത്തിയാകുന്ന ആഘോഷത്തിന്റെ ഭാഗമായും സ്വന്തം നാവികസേനാ ശക്തി പ്രദര്‍ശിപ്പിക്കുന്നതിന് വേണ്ടിയും കൂടിയാണ് ചൈന പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.

റഡാര്‍ കണ്ണുകളെ വെട്ടിച്ച് ആക്രമണം നടത്തുന്ന കപ്പലുകളെയും വിമാനങ്ങളെയും ആക്രമിക്കാന്‍ കെല്‍പ്പുള്ളതാണ് ഇന്ത്യയുടെ ഐഎന്‍എസ് കൊല്‍ക്കത്ത. അത്യാധുനിക ആയുധങ്ങളും സെന്‍സറുകളും ഉള്‍ക്കൊള്ളുന്നതാണ് ഈ പടക്കപ്പല്‍. ഒരേസമയം വ്യോമ, നാവിക, അന്തര്‍വാഹിനി ആക്രമണങ്ങളെ തിരിച്ചറിയാനും പ്രത്യാക്രമണം നടത്താനും കൊല്‍ക്കത്തയ്ക്ക് സാധിക്കും.

യുദ്ധക്കപ്പലുകള്‍ക്ക് പടക്കോപ്പുകള്‍, ഇന്ധനം എന്നിവ വിതരണം ചെയ്യാനായാണ് പ്രധാനമായും ഐഎന്‍എസ് ശക്തി എന്ന യുദ്ധക്കപ്പല്‍ ഉപയോഗിക്കുന്നത്. രണ്ടു യുദ്ധക്കപ്പലുകള്‍ക്കും നിരവധി ഹെലികോപ്റ്ററുകള്‍ വഹിക്കാന്‍ ശേഷിയുണ്ട്. അന്തര്‍വാഹിനികളെ ആക്രമിക്കാനും രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കായും രണ്ട് കപ്പലുകളും ഉപയോഗിക്കാറുണ്ട്.

Top