ജയ്പൂര്‍: സോഷ്യല്‍ മീഡിയയിലൂടെ യുവാക്കളെ ഐഎസില്‍ ചേരാന്‍ പ്രേരിപ്പിച്ച കര്‍ണ്ണാടക ഗുല്‍ബര്‍ഗ സ്വദേശി അറസ്റ്റിലായി. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ സീനിയര്‍ മാര്‍ക്കറ്റിംഗ് മാനേജര്‍ മുഹമ്മദ് സിറാസുദ്ദീന്‍(30) ആണ് അറസ്റ്റിലായത്. രാജസ്ഥാന്‍ തീവ്രവാദ വിരുദ്ധ സ്‌ക്വാഡാണ് അറസ്റ്റിന് നേതൃത്വം നല്‍കിയത്.
ഐ.എസില്‍ ചേരാന്‍ പ്രചോദിപ്പിക്കുന്ന തരത്തിലുള്ള സന്ദേശങ്ങള്‍ സിറാസുദ്ദീന്‍ വാട്ടസ്ആപ്പിലും ഫെയ്‌സ്ബുക്കിലും പ്രചരിപ്പിച്ചതായും ഐ.എസിന്റെ ഓണ്‍ലൈന്‍ മാഗസിന്‍ പതിവായി ഡൗണ്‍ലോഡ് ചെയ്തിരുന്നതായും തീവ്രവാദ വിരുദ്ധ സേനാ എ.ഡി.ജി.പി അലോക് ത്രിപാഠി അറിയിച്ചു.
ആകൃഷ്ടരായ യുവാക്കളെ മൂന്നുമാസം നിരീക്ഷിച്ച ശേഷമാണ് ശാസ്ത്രീയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഇയാളെ പിടികൂടിയത്. യു.എ.പി.എ നിയമപ്രകാരമാണ് കേസെടുത്തത്. അഞ്ചുമാസം മുമ്പ് ഭീകര പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട ഇയാള്‍ ഐഎസിന്റെ ആഹ്വാനങ്ങള്‍ പങ്കുവയ്ക്കുകയും ചെയ്തിരുന്നെന്ന് അലോക് തൃപാഠി അറിയിച്ചു.
ഔദ്യോഗിക വിവരങ്ങള്‍ ചോര്‍ത്തി നല്‍കാനും ഇന്ത്യയിലേക്ക് തീവ്രവാദികളെ റിക്രൂട്ട് ചെയ്യാനും ഇയാള്‍ ശ്രമിച്ചെന്ന് പൊലീസ് പറയുന്നു. നിരോധിത ഐഎസ് ഓണ്‍ലൈന്‍ മാഗസിന്‍ ‘ദബിക്കി’ന്റെ നിരവധി പ്രതികളും ജയ്പൂരിലെ ഇയാളുടെ വീട്ടില്‍ നിന്ന് കണ്ടെടുത്തു. ഡയറി ഓഫ് മുജാഹിദ്ദീന്‍ എന്ന ഫെയ്‌സ്ബുക്ക് പേജിലൂടെയായിരുന്നു ദേശവിരുദ്ധ പ്രവര്‍ത്തനം. വ്യവസ്ഥകള്‍ക്കെതിരെ രോഷമുള്ള യുവാക്കളെയാണ് ഇയാള്‍ ലക്ഷ്യം വച്ചിരുന്നത്. ഇയാളെ വെള്ളിയാഴ്ച കോടതിയില്‍ ഹാജരാക്കും.