ന്യൂഡല്‍ഹി : തമിഴ്‌നാട്ടിലെ ഓയില്‍ കോര്‍പ്പറേഷന്റെ അടിസ്ഥാന സൗകര്യങ്ങള്‍ മികച്ചതാക്കാന്‍ ഒരുങ്ങി ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍. ഇതിനായി 37,000 കോടി രൂപയാണ് കോര്‍പ്പറേഷന്‍ തമിഴ്‌നാട്ടില്‍ നിക്ഷേപിക്കാനൊരുങ്ങുന്നത്. അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ക്ക് മാത്രമായി 7,112 കോടി രൂപയാണ് ഐ ഒ സി നിക്ഷേപിക്കുന്നത്.
ഐ ഒ സി യുടെ ഗ്രൂപ്പ് കമ്പനിയായ ചെന്നൈ പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡും 37,112 കോടി രൂപ നിക്ഷേപിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പൈപ്പ്‌ലൈന്‍ എക്‌സ്പാന്‍ഷന്‍, ക്യാപിറ്റീവ് ജെട്ടി നിര്‍മാണം, പെട്രോളും ഡീസലും കൈകാര്യം ചെയ്യുന്നതിനായുള്ള മറ്റു സൗകര്യങ്ങള്‍, പെട്രോളിയം, ഓയില്‍, ലൂബ്രിക്കന്റ്‌സ് എന്നിവയ്ക്കായി ടെര്‍മിനല്‍ ഔട്ട്‌ലെറ്റുകള്‍ എന്നിവയ്ക്കായാണ് മൂന്ന് വര്‍ഷത്തിനുള്ളില്‍ 7,112 കോടി രൂപ ചിലവാക്കുന്നതെന്ന് കമ്പനി എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ആര്‍. സിദ്ധാര്‍ത്ഥന്‍ പറഞ്ഞു.
ചെന്നൈ പെട്രോളിയം തങ്ങളുടെ റിഫൈനറി കപ്പാസിറ്റി വര്‍ധിപ്പിക്കാന്‍ ഒരുങ്ങുന്നതായും അദ്ദേഹം അറിയിച്ചു. അതേസമയം, എല്‍ എന്‍ ജി ടെര്‍മിനലുമായി കൈകോര്‍ത്ത് ഐ ഒ സി 5,151 കോടി രൂപ നിക്ഷേപം നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. ഈ വര്‍ഷം ഡിസംബറോടെ ഈ പദ്ധതി പ്രാബല്യത്തില്‍ വരുമെന്നാണ് സൂചന.