കൊച്ചി: ഇലക്ട്രിക് വാഹന വിപണിയില്‍ ലിഥിയം ബാറ്ററികളുമായുള്ള ചൈനയുടെ ആധിപത്യത്തിന് തടയിടാനൊരുങ്ങി ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ (ഐ.ഒ.സി). ഐ.ഒ.സിയുടെ അലുമിനിയം എയര്‍ അധിഷ്ഠിത ബാറ്ററി ഉടന്‍ വിപണിയില്‍ എത്തുമെന്നാണ് സൂചന. എല്ലാ അനുമതികളും മറ്റ് അംഗീകാരങ്ങളും ലഭിച്ചുകഴിഞ്ഞാല്‍ ബാറ്ററി വിപണിയില്‍ അവതരിപ്പിക്കുമെന്ന് കമ്പനി എക്‌സിക്യൂട്ടീവ് വ്യക്തമാക്കി.
ബാറ്ററി നിര്‍മ്മാണത്തിനായുള്ള ഗവേഷണങ്ങള്‍ക്കും സാങ്കേതികവിദ്യ വികസിപ്പിക്കുന്നതിനുമായി ഒരു വിദേശ കമ്പനിയുമായി ഐ.ഒ.സി പങ്കാളിയാവും. നിലവില്‍ ഓട്ടോമോട്ടീവ് ഹബ്ബുകളായ ചെന്നൈ പോലുള്ള സ്ഥലങ്ങളിലോ മറ്റ് സമാന സ്ഥലങ്ങളിലോ കമ്പനിയുടെ പ്ലാന്റ് സ്ഥാപിക്കുന്നതിനായി സ്ഥലം അന്വേഷിക്കുകയാണ്.
നാഷണല്‍ മിഷന്‍ ഓണ്‍ ട്രാന്‍സ്‌ഫോര്‍മറ്റീവ് മൊബിലിറ്റിക്ക് കീഴില്‍ ടെസ്ല പോലുള്ള ബാറ്ററി നിര്‍മാണ പ്ലാന്റുകള്‍ ഇന്ത്യയില്‍ സ്ഥാപിക്കാനുള്ള പദ്ധതി മാര്‍ച്ചില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഐ.ഒ.സിയുടെ പുതിയ ചുവടുവയ്പ്പ്.
അഞ്ചുവര്‍ഷത്തിനുള്ളില്‍ ഘട്ടംഘട്ടമായി നടപ്പാക്കുന്ന ഈ പദ്ധതിയില്‍ വലിയ തോതിലുള്ള കയറ്റുമതി മത്സരാധിഷ്ഠിത സംയോജിത ബാറ്ററികളും സെല്‍ നിര്‍മ്മാണവും വിഭാവനം ചെയ്യുന്നുണ്ട്. നെവാഡയ്ക്കടുത്തുള്ള ലിഥിയം അയണ്‍ ബാറ്ററി അസംബ്ലി ഫാക്റ്ററിയാണ് ടെസ്ല ഗിഗാ ഫാക്റ്ററി 1, ഇത് ഇലക്ട്രിക് വാഹനങ്ങള്‍ക്കും സ്റ്റേഷണറി സ്റ്റോറേജ് സിസ്റ്റത്തിനും ബാറ്ററി പായ്ക്കുകള്‍ നല്‍കുന്നു.