ധര്‍മ്മശാല: ഏകദിന ക്രിക്കറ്റില്‍ പുതിയ റെക്കോര്‍ഡ് സ്വന്തമാക്കി ഇന്ത്യന്‍ ഓപ്പണര്‍ ശുഭ്മാന്‍ ഗില്‍. ഏകദിനത്തില്‍ ഏറ്റവും വേഗം 2000 റണ്‍സ് തികയ്ക്കുന്ന താരമെന്ന ബഹുമതിയാണ് ഗില്‍ സ്വന്തം പേരിലെഴുതിച്ചേര്‍ത്തത്. ന്യൂസിലന്‍ഡിനെതിരായ മത്സരത്തില്‍ 20 റണ്‍സെടുത്തതോടെയാണ് താരം 2000 റണ്‍സെന്ന നാഴികക്കല്ല് പിന്നിട്ടത്. മത്സരത്തില്‍ 31 പന്തില്‍ നിന്ന് 26 റണ്‍സ് നേടിയാണ് ഗില്‍ പുറത്തായത്.
ധര്‍മ്മശാലയില്‍ നടന്ന മത്സരത്തില്‍ ന്യൂസിലന്‍ഡിനെ തകര്‍ത്ത് തുടര്‍ച്ചയായ അഞ്ചാം മത്സരത്തിലും ഇന്ത്യ വിജയം സ്വന്തമാക്കി. നാല് വിക്കറ്റിനാണ് ഇന്ത്യ കിവീസിനെ പരാജയപ്പെടുത്തിയത്. ന്യൂസിലന്‍ഡ് മുന്നോട്ട് വെച്ച 274 റണ്‍സെന്ന വിജയലക്ഷ്യം 48-ാം ഓവറില്‍ വെറും ആറ് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ മറികടന്നു. വിരാട് കോഹ്ലിയുടെ തകര്‍പ്പന്‍ ഇന്നിങ്‌സാണ് ഇന്ത്യക്ക് ആവേശവിജയം സമ്മാനിച്ചത്. ന്യൂസിലന്‍ഡിന്റെ ആദ്യ പരാജയമാണിത്. വിജയത്തോടെ ഇന്ത്യ പോയിന്റ് ടേബിളില്‍ ഒന്നാം സ്ഥാനത്തെത്തി.
റെക്കോര്‍ഡില്‍ ദക്ഷിണാഫ്രിക്കന്‍ ഇതിഹാസം ഹാഷിം അംലയെയാണ് ഗില്‍ മറികടന്നത്. അംലയ്ക്ക് 2000 റണ്‍സ് തികക്കാന്‍ 40 ഇന്നിങ്സാണ് വേണ്ടി വന്നതെങ്കില്‍ ഗില്‍ 38 ഇന്നിങ്സില്‍ നിന്നാണ് 2000ത്തിലെത്തിയത്. അംലയ്ക്ക് പുറമെ ബാബര്‍ അസം (45 ഇന്നിംഗ്സ്), കെവിന്‍ പീറ്റേഴ്സണ്‍ (45 ഇന്നിംഗ്സ്), റാസി വാന്‍ ഡര്‍ ഡുസ്സന്‍ (45 ഇന്നിംഗ്സ്) എന്നിവരും റണ്‍വേട്ടയില്‍ ഗില്ലിന്റെ പിറകിലായി. വിരാട് കോഹ്ലി 53 ഇന്നിംഗ്സുകളില്‍ നിന്നാണ് 2000 റണ്‍സ് പിന്നിട്ടത്.