ഡല്‍ഹി: ഇന്ത്യന്‍ ഓപ്പണര്‍ ശുഭ്മാന്‍ ഗില്ലിന് അഫ്ഗാനിസ്ഥാനെതിരായ മത്സരവും നഷ്ടമായേക്കും. പനിയില്‍ നിന്ന് ഗില്‍ സുഖപ്പെട്ടു വരികയാണ്. ഇന്ത്യന്‍ ടീമിനൊപ്പം ഡല്‍ഹിയിലേക്ക് ഗില്ലിനെ ഒപ്പം കൂട്ടാനാണ് ഇപ്പോഴത്തെ പദ്ധതിയെന്ന് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. ചണ്ഡിഗഡിലെ തന്റെ വീട്ടിലേക്ക് പോകാന്‍ പദ്ധതിയില്ല. പാകിസ്താനെതിരായ മത്സരത്തിന് മുമ്പ് ഗില്ലിനെ ഗ്രൗണ്ടില്‍ ഇറക്കാനുള്ള ശ്രമത്തിലാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ സപ്പോര്‍ട്ടിങ്ങ് സ്റ്റാഫുകള്‍.
ലോകകപ്പിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ മികച്ച ജയമാണ് സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയയെ ഇന്ത്യ 199 റണ്‍സിന് ഓള്‍ ഔട്ടാക്കി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 41 ഓവര്‍ പിന്നിടുമ്പോള്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ വിജയത്തിലെത്തി. തുടക്കത്തില്‍ രണ്ട് റണ്‍സില്‍ ഇന്ത്യയുടെ മൂന്ന് വിക്കറ്റ് നഷ്ടമായിരുന്നു. എന്നാല്‍ പിന്നീട് ശക്തമായ മുന്നേറ്റമാണ് ഇന്ത്യ നടത്തിയത്.
ഓസ്‌ട്രേലിയയ്‌ക്കെതിരായ ആദ്യ മത്സരത്തില്‍ ഗില്‍ കളിച്ചിരുന്നില്ല. ഓപ്പണറുടെ റോളില്‍ ഗില്ലിന് പകരമിറങ്ങിയത് ഇഷാന്‍ കിഷാനാണ്. എന്നാല്‍ കിഷാന് തിളങ്ങാന്‍ കഴിയാത്തത് ഇന്ത്യയ്ക്ക് ആശങ്ക സമ്മാനിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ഓപ്പണറുടെ റോളില്‍ ശുഭ്മാന്‍ ഗില്‍ ഉണ്ടാകണമെന്നാണ് ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകരുടെ ആഗ്രഹം. എന്നാല്‍ മെഡിക്കല്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മാത്രമെ ഗില്ലിന് കളിക്കാന്‍ കഴിയുമോ എന്ന് വ്യക്തമാകു.