ന്യൂയോര്‍ക്ക്: അമേരിക്കയില്‍ ഇന്ത്യന്‍ വംശജനായ ബിസിനസുകാരന്‍ വെടിയേറ്റു മരിച്ചു. ഇന്ത്യക്കാരനായ ഹാര്‍നിഷ് പട്ടേലാണ് വ്യാഴാഴ്ച രാത്രി 11.24 ഓടെ സൗത്ത് കരോലിനയിലെ ലാന്‍സസ്റ്ററിലെ വീടിനു പുറത്ത് വെടിയേറ്റ് മരിച്ചത്.
വെടിയൊച്ചയും കരച്ചിലും കേട്ട അയല്‍വാസി പൊലീസിനെ വിവരമറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് സംഭവ സ്ഥലത്തെത്തുകയായിരുന്നു.
പരോപകാരിയായിരുന്നു ഹാര്‍നിഷെന്നും കൊലപാതകത്തിനുകാരണം അറിയില്ലെന്നും സുഹൃത്തുക്കള്‍ വ്യക്തമാക്കി. വംശീയാക്രമണത്തിനിരയായി ഇന്ത്യന്‍ എഞ്ചിനീയര്‍ ശ്രീനിവാസ് കൊല്ലപ്പെട്ട് ദിവസങ്ങള്‍ക്കുള്ളിലാണ് പുതിയ സംഭവം.
ശ്രീനിവാസിന്റെ കൊലപാതകത്തില്‍ അമേരിക്കന്‍ ഭരണകൂടം ഖേദം പ്രകടിപ്പിച്ചതിന് തൊട്ടടുത്ത ദിവസം തന്നെയാണ് ഹാര്‍നിഷ് വെടിയേറ്റ് മരിച്ചത്. എന്നാല്‍ വംശീയ വെറിയല്ല കൊലപാതകത്തിനു കാരണമെന്നാണ് പൊലിസിന്റെ പ്രാഥമിക നിഗമനം.
ഹാര്‍നിഷ് പട്ടേലിന്റെ സ്പീഡ് മാര്‍ട്ട് എന്ന കടക്കുമുന്നില്‍ ജനങ്ങള്‍ ആദാരാജ്‌ലികള്‍ അര്‍പ്പിച്ചുകൊണ്ട് പൂക്കളും ബലൂണുകളും അലങ്കരിച്ചിട്ടുണ്ട്.
‘കുടുംബത്തില്‍ ചില അടിയന്തിര സാഹചര്യങ്ങള്‍ നേരിട്ടതിനാല്‍ കുറച്ചു ദിവസത്തേക്ക് കട അടച്ചിടുന്നതായിരിക്കും. ജനങ്ങള്‍ക്ക് നേരിട്ടേണ്ടി വന്ന ബുദ്ധിമുട്ടില്‍ ക്ഷമ ചോദിക്കുന്നു’ എന്നൊരു കുറിപ്പും കടയുടെ പേരില്‍ വാതിലില്‍ പതിപ്പിച്ചിട്ടുണ്ട്.