കാനഡ: വാടകക്കാരായ രണ്ട് ആണ്‍കുട്ടികള്‍ പൊള്ളലേറ്റ് മരിച്ചതിനെ തുടര്‍ന്ന് ഇന്ത്യന്‍ വംശജനായ വീട്ടുടമ കമാല്‍ ബെയിന്‍സിന് (51) ഒരു വര്‍ഷത്തെ ജയില്‍ ശിക്ഷ വിധിച്ച് കോടതി. വീട്ടില്‍ സ്‌മോക്ക് അലാറാം സ്ഥാപിക്കാത്തതാണ് അപകടത്തിന് കാരണം എന്നാരോപിച്ചാണ് കമാലിന് ശിക്ഷ വിധിച്ചത്.
2015 ല്‍ പുതിയ സ്‌മോക്ക് അലാറാം റെഗുലേഷന്‍സ് നിലവില്‍ വന്നതിന് ശേഷം രാജ്യത്ത് ആദ്യമായാണ് ഇത്തരത്തിലൊരു വിധി പ്രഖ്യാപിച്ചിരിക്കുന്നത്. സ്‌മോക്ക് അലാറങ്ങളും, കാര്‍ബണ്‍ മോണോക്‌സൈഡ് ഡിറ്റെക്ടറുകളും ഫിറ്റ് ചെയ്യാന്‍ വാടകയ്ക്ക് താമസിക്കുന്നവര്‍ കമാലിനോട് തുടര്‍ച്ചയായി അഭ്യര്‍ത്ഥിച്ചിരുന്നെങ്കിലും കമാല്‍ ഉപകരണങ്ങള്‍ സ്ഥാപിച്ചിരുന്നില്ല.
2016 ഫെബ്രുവരിയിലാണ് വീട്ടില്‍ തീ പിടുത്തമുണ്ടായി രണ്ടു കുട്ടികള്‍ മരിച്ചത്. മൂന്നു വയസ്സുള്ള ലോഗന്‍ ടെയ്‌ലര്‍, രണ്ടു വയസ്സുള്ള ജാക്ക് കാസെ എന്നീ കുട്ടികളാണ് മരിച്ചത്. വീട്ടിലെ ടിവിയില്‍ വന്ന ഇലക്ട്രിക് തകരാറിനെ തുടര്‍ന്ന് ബെഡ് റൂമില്‍ തീ പിടിക്കുകയും, ഗുരുതരമായി പരുക്കേറ്റ് കുട്ടികള്‍ മരിക്കുകയായിരുന്നു. അമ്മ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും തീ കാരണം രക്ഷാപ്രവര്‍ത്തനം നടന്നിരുന്നില്ല.
സുരക്ഷാ നിയമം തെറ്റിച്ചതായി കമാല്‍ കോടതിയില്‍ വ്യക്തമാക്കി. സ്‌മോക്ക് അലാറം വേണമെന്ന് താന്‍ നിരന്തരം ആവശ്യപ്പെട്ടിരുന്നുവെന്നും എന്നാല്‍ ഉടമ കേട്ടില്ലെന്നും കുട്ടികളുടെ അമ്മ കോടതിയില്‍ ബോധിപ്പിച്ചു. ലീഡ്‌സ് ക്രൗണ്‍ കോടതിയാണ് കമാലിന് ശിക്ഷ വിധിച്ചത്.