വാഷിങ്ടണ്‍: ഇന്ത്യന്‍ വംശജനായ ബ്രിട്ടന്‍ സ്വദേശി സിദ്ധാര്‍ഥ ധറിനെ ആഗോള ഭീകരനായി അമേരിക്ക പ്രഖ്യാപിച്ചു. ബ്രിട്ടീഷ് ആസ്ഥാനമായുള്ള അല്‍ മുഹാജിറൂന്‍ എന്ന തീവ്രവാദ സംഘടനയുടെ നേതാവായ സിദ്ധാര്‍ഥ ധര്‍ ഹിന്ദു മതത്തില്‍ നിന്നു മാറി ഇസ്ലാം മതം സ്വീകരിക്കുകയും അബു റുമെയ്‌സ എന്ന് പേരു സ്വീകരിക്കുകയും ചെയ്തിരുന്നു.
2016 ജനുവരിയില്‍ നിരവധി അരുംകൊലകളുടെ ദൃശ്യങ്ങള്‍ ഐഎസ് പുറത്തു വിട്ടിരുന്നു. അരുംകൊലകള്‍ നടത്തിയ സംഘത്തിന്റെ തലവനായിരുന്നു റുമെയ്‌സ എന്നാണ് അമേരിക്ക ഉള്‍പ്പെടെയുള്ള രാജ്യങ്ങളുയര്‍ത്തുന്ന സംശയം.
ഐഎസിന്റെ ലൈംഗീക അടിമത്തത്തില്‍ നിന്ന് രക്ഷപ്പെട്ട യസീദി യുവതിയും ധര്‍ ആണ് തന്നെ തട്ടിക്കൊണ്ടു പോയതെന്നും മൊസൂള്‍ കേന്ദ്രമായാണ് പ്രവര്‍ത്തിച്ചിരുന്നതെന്നും വെളിപ്പെടുത്തിയിരുന്നു.
ആഗോള ഭീകരനായി ഇയാളെ മുദ്രകുത്തുന്നതോടെ ഇയാളുടെ പേരിലുള്ള സ്വത്തുവകകള്‍ മരവിപ്പിക്കാനുള്ള അധികാരവും സര്‍ക്കാരിന് ലഭിക്കും. ഐഎസ്സില്‍ ചേരാനായി ഭാര്യയേയും മക്കളേയും കൂട്ടി 2014 ല്‍ ഇയാള്‍ സിറിയയിലേയ്ക്ക് കടന്നതായാണ് വിവരം.
തുടര്‍ന്ന് 2015 ല്‍ ഡ്രോണ്‍ ആക്രമണത്തില്‍ ഐഎസ് ഭീകരന്‍ മുഹമ്മദ് എംവാസി കൊല്ലപ്പെട്ടതോടെ അരുംകൊലകള്‍ ചെയ്യാനുള്ള ദൗത്യം ധര്‍ ഏറ്റെടുക്കുകയായിരുന്നു. ഇതോടെയാണ് റുമെയ്‌സ ഐഎസിന്റെ പുതിയ ജിഹാദി ജോണ്‍ എന്ന പേരില്‍ കുപ്രസിദ്ധിയാര്‍ജ്ജിച്ചു തുടങ്ങിയത്.