വാഷിംഗ്ടണ്‍ : നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ ഡെപ്യൂട്ടി അസിസ്റ്റന്റായി ഇന്ത്യന്‍ വംശജനായ രാജ് ഷായെ നിയമിച്ചു. ഡെപ്യൂട്ടി കമ്മ്യൂണിക്കേഷന്‍ ഡയറക്ടര്‍, റിസര്‍ച്ച് ഡയറക്ടര്‍ എന്നീ ചുമതലകളും ഇദ്ദേഹത്തിനാണ്.
റിപ്പബ്ലിക്കന്‍ നാഷണല്‍ കമ്മിറ്റി ഗവേഷണവിഭാഗം തലവനായ രാജ് ഷാ, പ്രസിഡന്റ് തിരഞ്ഞെടുപ്പ് സമയത്ത് ക്ലിന്റണ്‍ വിരുദ്ധ പ്രചാരണ പരിപാടികള്‍ക്ക് ചുക്കാന്‍ പിടിച്ചിരുന്നു..
ആഗോള തലത്തില്‍ പട്ടിണി അവസാനിപ്പിക്കുക എന്ന ലക്ഷ്യമുള്ള അമേരിക്കന്‍ സര്‍ക്കാര്‍ ഏജന്‍സി യുഎസ്എഐഡിയുടെ തലവനാണ് രാജ്.
അമേരിക്കന്‍ സര്‍ക്കാരിന്റെ ഹെയ്തിയിലേയും ഫിലിപ്പീന്‍സിലേയും മനുഷ്യാവകാശ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയതും ഇദ്ദേഹമാണ്.
രാജിന്റെ നിയമനത്തെ ട്രംപ് വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫായി നിയമിച്ച റീന്‍സ് പ്രീബസ് സ്വാഗതം ചെയ്തു. ട്രംപിന്റെ വിജയത്തിന് നിര്‍ണായക പങ്കുവഹിച്ച നേതാക്കളാണ് പുതുതായി നിയമിക്കപ്പെട്ടവരെന്നും, ഇവരുടെ നിയമനത്തോടെ യുഎസിന്റെ നിര്‍ണായക മാറ്റത്തിന് കുതിപ്പേകുമെന്നും പ്രീബസ് അഭിപ്രായപ്പെട്ടു.
1970 കളിലാണ് പഠനത്തിനായി പിതാവ് ഗുജറാത്തില്‍ നിന്ന് അമേരിക്കയിലെത്തുന്നത്. പിന്നീട് തിരിച്ചെത്തുകയും വിവാഹത്തിന് ശേഷം വീണ്ടും അമേരിക്കയിലേക്ക് പോവുകയുമായിരുന്നു. ഷിക്കാഗോയിലായിരുന്നു ഇവര്‍ ആദ്യം താമസിച്ചിരുന്നത്. പിന്നീട് കണക്ടിക്കറ്റിലേക്ക് താമസം മാറി. ഇവിടെ വച്ചാണ് രാജ് ജനിക്കുന്നത്. ശിവം മല്ലിക് ഷായാണ് രാജിന്റെ ഭാര്യ.