ചൈനയിലെ ഹാങ്ഷുവില്‍ നടക്കുന്ന ഏഷ്യന്‍ പാരാ ഗെയിംസില്‍ വനിതകളുടെ ലോങ്ജമ്പില്‍ ഇന്ത്യന്‍ താരം നിമിഷ സുരേഷിന് സ്വര്‍ണം. ഇന്ന് നടന്ന ഫൈനലില്‍ 5.15 മീറ്റര്‍ താണ്ടിയാണ് നിമിഷ സ്വര്‍ണമണിഞ്ഞത്. അഞ്ചാം ശ്രമത്തിലാണ് താരം ഈ ദൂരം താണ്ടിയത്.
അവസാന ശ്രമത്തില്‍ ഈ ദൂരം മെച്ചെപ്പെടുത്താന്‍ ഇന്ത്യന്‍ താരം ശ്രമിച്ചെങ്കിലും 5.05 മീറ്ററില്‍ ഒതുങ്ങി. ഇതേ ഇനത്തില്‍ നിമിഷയ്ക്കൊപ്പം മത്സരിച്ച മറ്റൊരു ഇന്ത്യന്‍ താരം കീര്‍ത്തി ചൗഹാണ് 4.42 മീറ്റര്‍ കണ്ടെത്തി നാലാമതെത്തി.നിമിഷയുടെ നേട്ടത്തോടെ ഇന്ത്യയുടെ മെഡല്‍ നേട്ടം 58 ആയി. നിലവില്‍ 15 സ്വര്‍ണവും 20 വെള്ളിയും 23 വെങ്കലവുമായി ആറാം സ്ഥാനത്താണ് ഇന്ത്യ. 106 സ്വര്‍ണവും 85 വെള്ളിയും 72 വെങ്കലവുമായി 263 മെഡലുകളോടെ ചൈനയാണ് ഒന്നാം സ്ഥാനത്ത്.
4.95 മീറ്റര്‍ ചാടി മത്സരം ആരംഭിച്ച നിമിഷ രണ്ടാം ശ്രമത്തില്‍ 5.03 മീറ്റര്‍ കണ്ടെത്തിയിരുന്നു. പിന്നീട് മൂന്നും നാലും ശ്രമങ്ങള്‍ ഫൗള്‍ വരുത്തിയ താരം അഞ്ചാം ശ്രമത്തില്‍ 5.15 മീറ്റര്‍ കണ്ടെത്തി സ്വര്‍ണം ഉറപ്പിക്കുകയായിരുന്നു.