ലണ്ടന്‍: ഇംഗ്ലണ്ട് പര്യടനം നടത്തുന്ന ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ കൊവിഡ് ബാധിച്ചത് യുവ താരം റിഷഭ് പന്തിനെന്ന് റിപ്പോര്‍ട്ട്. പ്രമുഖ അന്താരാഷ്ട്ര സ്‌പോര്‍ട്‌സ് മാധ്യമമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. കൊവിഡിന്റെ വകഭേദമായ ഡെല്‍റ്റ വൈറസാണ് താരത്തെ ബാധിച്ചതെന്നും കഴിഞ്ഞ എട്ട് ദിവസമായി 23കാരനായ പന്ത് നിരീക്ഷണത്തിലാണെന്നുമാണ് റിപ്പോര്‍ട്ടിലുള്ളത്.
എന്നാല്‍ രോഗ ലക്ഷണങ്ങളൊന്നും താരം പ്രകടിപ്പിച്ചിരുന്നില്ല. അതേസമയം രണ്ട് താരങ്ങള്‍ക്ക് കൊവിഡ് ബാധിച്ചതായും ഇവരില്‍ ഒരാള്‍ നെഗറ്റീവായെന്നും മറ്റൊരാള്‍ നിരീക്ഷണത്തിലാണെന്നും രാവിലെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇംഗ്ലണ്ടില്‍ ഡെല്‍റ്റ കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നാവശ്യപ്പെട്ട് ബിസിസിഐ സെക്രട്ടറി ജെയ് ഷാ നേരത്തെ താരങ്ങള്‍ക്ക് കത്തെഴുതിയിരുന്നു.
അതേസമയം യൂറോ കപ്പ് മത്സരങ്ങള്‍ കാണാന്‍ ചില സുഹൃത്തക്കളോടൊപ്പം പന്ത് പോയതിന്റെ ചിത്രങ്ങളടക്കം സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ‘ഒരു താരത്തിന് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
എന്നാല്‍, ടീമിനൊപ്പം ഒരു ഹോട്ടലിലും അദ്ദേഹം താമസിച്ചിരുന്നില്ല, അതിനാല്‍ മറ്റൊരു കളിക്കാരനെയും രോഗം ബാധിച്ചിട്ടില്ല,’ ബിസിസിഐ വൈസ് പ്രസിഡന്റ് രാജീവ് ശുക്ല പ്രതികരിച്ചു. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് ശേഷം ബയോബബിളിന് പുറത്തായിരുന്നു താരങ്ങള്‍.