ന്യൂഡല്‍ഹി: ബിജെപിയുടെയും നരേന്ദ്ര മോദിയുടെയും കണക്കുകൂട്ടലുകള്‍ക്കപ്പുറമായി യുപിയിലെ തകര്‍പ്പന്‍ വിജയം.
നാലില്‍ മൂന്ന് ഭൂരിപക്ഷത്തോടെ അധികാരത്തില്‍ വന്ന് പുതിയ ചരിത്രം തന്നെ സൃഷ്ടിച്ചിരിക്കുകയാണ് ബി ജെ പി. ആകെയുളള 403 സീറ്റുകളില്‍ 312 സീറ്റുകള്‍ തൂത്തുവാരിയിരിക്കുകയാണ് കാവിപട.
ഈ ഒറ്റ തകര്‍പ്പന്‍ വിജയം മാത്രം മതി ഇനി വരാനിരിക്കുന്ന രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് തങ്ങളുടെ തീരുമാനം നടപ്പാക്കാന്‍.
യുപിയിലെ വിജയം രാഷ്ട്രപതി തിരഞ്ഞെടുപ്പിനെ നേരിടാന്‍ ബിജെപിക്കു കൂടുതല്‍ കരുത്തു പകരും. രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ സ്വന്തം സ്ഥാനാര്‍ത്ഥിയെ വിജയിപ്പിക്കാന്‍ നിലവിലെ സഹചര്യത്തില്‍ കഴിയുകയില്ലായിരുന്നു.
രാഷ്ട്രപതി പ്രണബ് കുമാര്‍ മുഖര്‍ജി അഞ്ചുവര്‍ഷം പൂര്‍ത്തിയാക്കുന്ന ജൂലൈ മാസത്തിലാണു തിരഞ്ഞെടുപ്പ്. ലോക്‌സഭയില്‍ ബിജെപിക്കു ഭൂരിപക്ഷമുണ്ട്. പന്ത്രണ്ട് സംസ്ഥാനങ്ങളില്‍ അധികാരവുമുണ്ട്. പക്ഷേ, വിജയിക്കാന്‍ അതുമാത്രം മതിയാവില്ലായിരുന്നു.
രാജ്യത്തെ എല്ലാ എംഎല്‍എമാര്‍ക്കും എംപിമാര്‍ക്കും രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാം. എംപിമാരുടെ വോട്ടിന്റെ ആകെ മൂല്യം 708 ആണ്. എംഎല്‍എമാരുടെ വോട്ടിന്റെ മൂല്യം നിശ്ചയിക്കുന്നതു സംസ്ഥാനത്തിന്റെ ജനസസംഖ്യ കണക്കിലെടുത്താണ്. ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള യുപിയിലെ എംഎല്‍എമാരുടെ വോട്ടിന്റെ മൂല്യം 208 ആണ്.
ഇക്കാരണത്താല്‍ ഉത്തര്‍പ്രദേശില്‍നിന്നു പരമാവധി എംഎല്‍എമാരെ നേടണമെന്ന ലക്ഷ്യത്തോടെയാണു ബിജെപി പ്രവര്‍ത്തിച്ചത്.
യുപി നിയമസഭയില്‍ ബി ജെ പി 312 സീറ്റുകള്‍ നേടിയതിനാല്‍ രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യേണ്ട എം എല്‍ എ മാരുടെ മൂല്യം കൂടുമെന്നത് വലിയ ആശ്വാസമാണ് പാര്‍ട്ടി നേതൃത്വത്തിനുണ്ടാക്കിയിരിക്കുന്നത്.
മാത്രമല്ല, ലോക്‌സഭയില്‍ വ്യക്തമായ ഭൂരിപക്ഷമുണ്ടെങ്കിലും രാജ്യസഭയില്‍ ഭൂരിപക്ഷമില്ലാതിരിക്കുന്ന അവസ്ഥയും ഇനി മാറും.ഏറ്റവും കൂടുതല്‍ രാജ്യസഭാ എംപിമാരെ തെരെഞ്ഞെടുത്തയക്കുന്നത് യു പി ആയതിനാല്‍ ഇനി ബില്ലുകള്‍ പാസാക്കുന്നതിന് പ്രാദേശിക പാര്‍ട്ടികളെ ആശ്രയിക്കേണ്ട ഗതികേടുണ്ടാവില്ല.
നിലവിലെ പല അംഗങ്ങളുടെയും കാലാവധി കഴിയാന്‍ അധികം കാലയളവ് ഇല്ലാത്തതിനാല്‍ രാജ്യസഭാംഗങ്ങളുടെ തിരഞ്ഞെടുപ്പിനും അധികം താമസമുണ്ടാകില്ല.
മോദിയുടെ കഴിവു കൊണ്ട് തന്നെയാണ് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ പോലും പ്രഖ്യാപിക്കാതെ നടത്തിയ തിരഞ്ഞെടുപ്പില്‍ ചരിത്ര നേട്ടം സ്വന്തമാക്കാന്‍ വഴി ഒരുക്കിയതെന്നാണ് ബി ജെ പി നേതൃത്വം തന്നെ പറയുന്നത്.
കേന്ദ്രത്തിലെ മോദി സര്‍ക്കാറിന്റെ തുടര്‍ ഭരണത്തിന് യുപിയിലെ വിധിയെഴുത്ത് വഴി ഒരുക്കുമെന്നാണ് നേതൃത്വത്തിന്റെ ആത്മവിശ്വാസം.
ഗോവയിലും പഞ്ചാബിലും തിരിച്ചടി നേരിട്ടതിനും ബിജെപിക്ക് ന്യായീകരണങ്ങളുണ്ട്.
പഞ്ചാബില്‍ അകാലിദള്‍ മന്ത്രിസഭയില്‍ അംഗമായിരുന്നുവെങ്കിലും വലിയ സ്വാധീനം പാര്‍ട്ടിക്ക് അവിടെയില്ലന്നാണ് ബി ജെ പി പറയുന്നത്.
സംസ്ഥാന സര്‍ക്കാറിന്റെ പ്രവര്‍ത്തനങ്ങളില്‍ അതൃപ്തിയുള്ള ബി ജെ പി കേന്ദ്ര നേതൃത്വം മുന്‍കൂട്ടി തന്നെ തോല്‍വി കണ്ടിരുന്നു.
ഗോവയില്‍ പ്രമുഖ ആര്‍ എസ് എസ് നേതാവിനെതിരെയുള്ള നടപടിയും ആഭ്യന്തര പ്രശ്‌നവുമാണ് തിരിച്ചടിക്ക് കാരണമായതായാണ് വിലയിരുത്തല്‍. ഇവിടെ ഒടുവില്‍ സഖ്യകക്ഷികളുടെ സഹായത്തോടെ സര്‍ക്കാര്‍ ഉണ്ടാക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് നേതൃത്വം.
മണിപ്പൂരിലും ചെറുകക്ഷികളുടെ പിന്തുണയോടെ സര്‍ക്കാരുണ്ടാക്കാനുള്ള ചരടുവലികള്‍ തുടങ്ങി കഴിഞ്ഞു.
ഉത്തരാഖണ്ഡ് കോണ്‍ഗ്രസ്സില്‍ നിന്നും പിടിച്ചെടുക്കാന്‍ കഴിഞ്ഞതും ബി ജെ പി ക്ക് യു പി യെ പോലെ തന്നെ ഇരട്ടി മധുരമായി.
തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടിരുന്നെങ്കില്‍ രാജ്യത്തിനകത്ത് മാത്രമല്ല അന്തര്‍ദേശീയ രംഗത്തും അത് മോദിയുടെ പ്രതിഛായയെ തന്നെ സാരമായി ബാധിക്കുമായിരുന്നു.
എന്നാല്‍ ഈ ആശങ്ക വഴി മാറിയതോടെ സര്‍ക്കാറിലും പാര്‍ട്ടിയിലും കൂടുതല്‍ ശക്തനായിരിക്കുകയാണിപ്പോള്‍ മോദി.പുതിയ രാഷ്ട്രപതി ആരായിരിക്കണമെന്ന കാര്യത്തില്‍ ഇനി നിര്‍ണ്ണായക തീരുമാനമെടുക്കുക മോദി തന്നെയായിരിക്കും.
വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷത്തിനെ സംബന്ധിച്ച് ഈ പോക്കുപോവുകയാണെങ്കില്‍ വലിയ തിരിച്ചടിയായിരിക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നത്.
രാജ്യം ആരു ഭരിക്കണമെന്നു തീരുമാനിക്കുന്നതില്‍ 80 എംപിമാരെ പറഞ്ഞയക്കുന്ന യുപിക്ക് നിര്‍ണ്ണായക പങ്കാണുള്ളത്. പ്രതികൂല സാഹചര്യത്തിലും ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നേടിയതിനേക്കാള്‍ മികച്ച വിജയം ബിജെപി നേടിയതാണ് ഏവരേയും അത്ഭുതപ്പെടുത്തുന്നത്.