ന്യൂഡല്‍ഹി: ബ്രിട്ടീഷ് ഭരണകാലം മുതല്‍ നിലവിലുള്ള ഖലാസി തസ്തിക നിര്‍ത്തലാക്കി ഇന്ത്യന്‍ റെയില്‍വേ ബോര്‍ഡ്. ഇതു സംബന്ധിച്ച് റെയില്‍വേ ബോര്‍ഡ് ഉത്തരവ് പുറത്തിറക്കി. മുതിര്‍ന്ന ഉദ്യോഗസ്ഥന്‍മാരുടെ വസതികളില്‍ സഹായിയായി നിയമിക്കുന്നവരാണ് ഖലാസി അഥവാ ബംഗ്ലാവ് പ്യൂണ്‍.
ഖലാസി തസ്തികയുടെ കാര്യം പുനഃപരിശോധിച്ച് വരികയാണെന്നും അതിനാല്‍ ഈ തസ്തികയിലേക്കുള്ള പുതിയ നിയമനങ്ങള്‍ ഇനി നടത്താനിടയില്ലെന്ന് വ്യാഴാഴ്ച പുറത്തിറക്കിയ ഉത്തരവില്‍ റെയില്‍വേ ബോര്‍ഡ് വ്യക്തമാക്കി.
2020 ജൂലായ് ഒന്ന് മുതല്‍ നടത്തിയ എല്ലാ ഖലാസി നിയമനങ്ങളും പുനഃപരിശോധിക്കുമെന്നും ഇത് സംബന്ധിച്ച തീരുമാനം ബോര്‍ഡ് സ്വീകരിക്കുമെന്നും ഉത്തരവില്‍ പറയുന്നുണ്ട്. കൂടാതെ റെയില്‍വേയുടെ എല്ലാ മേഖലാ സ്ഥാപനങ്ങള്‍ക്കും ഇത് ബാധകമാണെന്നും ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.