ഇന്ത്യയുടെ അഭിമാനമായി മാറിയ വനിതാ ക്രിക്കറ്റ് ടീമിന് ഒന്നര കോടി രൂപ സമ്മാനം

ന്യൂഡല്‍ഹി: വനിതാ ലോകകപ്പില്‍ ഇന്ത്യയുടെ അഭിമാനമായി മാറിയ ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിന് ഒന്നര കോടി രൂപ സമ്മാനം പ്രഖ്യാപിച്ച് കേന്ദ്ര റെയില്‍വേ മന്ത്രി സുരേഷ് പ്രഭു.

ഇന്ത്യന്‍ റെയില്‍വേയില്‍ ജോലി ചെയ്യുന്ന പത്ത് പേരാണ് ഇന്ത്യയുടെ അഭിമാനമായി മാറിയത്. ഇവര്‍ക്കാണ് സമ്മാനത്തുക ലഭിക്കുക. ഇന്ത്യന്‍ ക്യാപ്റ്റന്‍ മിതാലി രാജ്, ക്ലാസിക് ഇന്നിംഗ്‌സുകളിലുടെ ക്രിക്കറ്റ് പ്രേമികളുടെ മനിസിലേക്ക് നടന്നു കയറിയ ഹര്‍മന്‍ പ്രീത് കൗര്‍ എന്നിവര്‍ക്ക് നേരത്തെ തന്നെ റെയില്‍വേ സ്ഥാനക്കയറ്റം നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് സമ്മാനത്തുക പ്രഖ്യാപിച്ചത്.

”വനിതാ ലോകകപ്പില്‍ ഫൈനലിലെത്തിയത് ഓരോ ഇന്ത്യാക്കാരനും അഭിമാനിക്കാന്‍ പറ്റുന്നതാണ്. പ്രത്യേകിച്ച് ഇന്ത്യന്‍ റെയില്‍വേയ്ക്ക്. ക്യാപ്റ്റന്‍, വൈസ് ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍, ഉയര്‍ന്ന റണ്‍ സ്‌കോറര്‍ തുടങ്ങി പതിനഞ്ചില്‍ പത്ത് താരങ്ങളും ഇന്ത്യന്‍ റെയില്‍വേയില്‍ നിന്നുള്ളവരാണ്”. റെയില്‍ ഭവനില്‍ താരങ്ങള്‍ക്കായി സംഘടിപ്പിച്ച സ്വീകരണ ചടങ്ങില്‍ സംസാരിക്കവെ അദ്ദേഹം വ്യക്തമാക്കി.

ഇന്ത്യയുടെ അഭിമാനമായി മാറിയ താരങ്ങളുടെ മുന്നോട്ടുള്ള യാത്രയില്‍ റെയില്‍വേയുടെ എല്ലാ പിന്തുണയും സഹായവും തുടരുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Top