ന്യൂഡല്‍ഹി: ഇന്ത്യന്‍ റെയില്‍വേ ജപ്പാനില്‍നിന്ന് 18 ബുള്ളറ്റ് ട്രെയിനുകള്‍ വാങ്ങാനൊരുങ്ങുന്നു. 7000 കോടി രൂപ മുതല്‍മുടക്കിലാണ് ട്രെയിനുകള്‍ വാങ്ങുന്നത്.
തദ്ദേശീയ ഉത്പാദനത്തിനുള്ള സാങ്കേതികവിദ്യാ കൈമാറ്റവും പദ്ധതിയില്‍ ഉള്‍പ്പെടുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
18 ഷിന്‍കാന്‍സെന്‍ ബുള്ളറ്റ് ട്രെയിനുകളാണ് ജപ്പാനില്‍ നിന്ന് വാങ്ങുക. 10 കോച്ചുകള്‍ വീതമുള്ള ട്രെയിനുകള്‍ക്ക് മണിക്കൂറില്‍ 350 കിലോമീറ്റര്‍ വേഗമാണുള്ളത്.
മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയിലൂടെ ബുള്ളറ്റ് ട്രെയിന്‍ അസംബ്ലിംഗ് യൂണിറ്റ് തയാറാക്കാനുള്ള ശ്രമവും റെയില്‍വേ നടത്തുന്നുണ്ട്. ജാപ്പാനീസ് ട്രെയിന്‍ ടെക്‌നോളജി കമ്പനികളായ കാവസാക്കി, ഹിറ്റാച്ചി തുടങ്ങിയ കമ്പനികളുടെ പങ്കാളിത്തവും പ്രതീക്ഷിക്കുന്നുണ്ട്.
രാജ്യത്തെ ആദ്യ ബുള്ളറ്റ് ട്രെയിന്‍ 2022 അവസാനത്തോടെ മുംബൈ-അഹമ്മദാബാദ് റൂട്ടില്‍ ഓടിത്തുടങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. ജപ്പാന്റെ സഹായത്തോടെ 508 കിലോമീറ്റര്‍ അതിവേഗ ട്രെയിന്‍ ഇടനാഴിയുടെ നിര്‍മാണം നടന്നുവരുകയാണ്.