ന്യൂഡല്‍ഹി: ഐ.ആര്‍.സി.ടി.സി വഴി ബുക്കുചെയ്യുന്ന ട്രെയിന്‍ ടിക്കറ്റുകള്‍ക്ക് സര്‍വ്വീസ് ചാര്‍ജ് ഏര്‍പ്പെടുത്തി ഇന്ത്യന്‍ റെയില്‍വെ. പുതുക്കിയ ചാര്‍ജ് ഇന്നുമുതല്‍ പ്രാബല്യത്തില്‍ വന്നു. സര്‍വ്വീസ് ചാര്‍ജിനോടൊപ്പം ടിക്കറ്റുകള്‍ക്ക് അധകൃതര്‍ ജി.എസ്.ടിയും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഗുഡ്സ് ആന്‍ഡ് സര്‍വീസ് ചാര്‍ജ് ഓരോ ടിക്കറ്റിലും പ്രത്യേകം രേഖപ്പെടുത്തിയിരിക്കും. ഫസ്റ്റ് ക്ലാസ് ഉള്‍പ്പെടെയുള്ള എസി ക്ലാസുകള്‍ക്ക് 30 രൂപയും മറ്റ് ക്ലാസുകള്‍ക്ക് 15 രൂപയുമാണ് ഒരു ഇ-ടിക്കറ്റിന് സര്‍വ്വീസ് ചാര്‍ജ് ഈടാക്കുക.
സര്‍വ്വീസ് ചാര്‍ജ് ഈടാക്കുന്നത് 2016-ലാണ് റെയില്‍വെ പിന്‍വലിച്ചത്. സംവിധാനം പുനഃസ്ഥാപിക്കാന്‍ കേന്ദ്ര ധനമന്ത്രാലയം റെയില്‍ മന്ത്രാലയത്തിന് കത്ത് നല്‍കിയതിനു പിന്നാലെയാണ് ഈ നടപടി. സര്‍വ്വീസ് ചാര്‍ജ് ഒഴിവാക്കിയ നടപടി താത്ക്കാലികമായിരുന്നുവെന്ന് ധനമന്ത്രാലയം പറഞ്ഞു. ഈ നടപടിയിലൂടെ, സര്‍വ്വീസ് ചാര്‍ജ് പിന്‍വലിച്ചതിനെ തുടര്‍ന്ന് റെയില്‍വേക്കുണ്ടായിട്ടുള്ള നഷ്ടം പരിഹരിക്കാനാകുമെന്നാണ് ധനമന്ത്രാലയം പ്രതീക്ഷിക്കുന്നത്.