ദില്ലി: യുവ ഗുസ്തി താരം സാഗര്‍ റാണയെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ ഒളിംപിക് ഗുസ്തി മെഡല്‍ ജേതാവ് സുശീല്‍ കുമാറിനെ ജോലിയില്‍ നിന്ന് സസ്‌പെന്‍ഡു ചെയ്യുമെന്ന് ഇന്ത്യന്‍ റെയില്‍വെ. കൊലപാതകക്കേസില്‍ സുശീലിനെതിരായ അന്വേഷണ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ലഭിച്ചുവെന്നും താരത്തെ അടിയന്തരമായി സസ്‌പെന്‍ഡു ചെയ്യുകയാണെന്നും വടക്കന്‍ റെയില്‍വെ സിപിആര്‍ഒ ദീപക് കുമാര്‍ പറഞ്ഞു.
സുശീലിനെ സസ്‌പെന്‍ഡ് ചെയ്തുകൊണ്ടുള്ള ഔദ്യോഗിക ഉത്തരവ് അടുത്ത ദിവസങ്ങളില്‍ പുറത്തിറങ്ങുമെന്നും റെയില്‍വെ വ്യക്തമാക്കി. വടക്കന്‍ റെയില്‍വെയില്‍ സീനിയര്‍ കമേര്‍ഷ്യല്‍ മാനേജരാണ് സുശീല്‍ കുമാര്‍. 2015 മുതല്‍ അഞ്ച് വര്‍ഷമായി ഡല്‍ഹിയില്‍ ഡപ്യൂട്ടേഷനിലായിരുന്ന സുശീലിന്റെ ഡപ്യൂട്ടേഷന്‍ നീട്ടാനുള്ള അപേക്ഷ കഴിഞ്ഞ വര്‍ഷം ഡല്‍ഹി സര്‍ക്കാര്‍ തള്ളിയിരുന്നു.
മുന്‍ ദേശീയ ജൂനിയര്‍ ഗുസ്തി ചാമ്പ്യന്‍ സാഗര്‍ കുമാറിനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ ശേഷം ഒളിവില്‍ പോയ സുശീലിനെ 19 ദിവസത്തെ തെരച്ചിലിനൊടുവില്‍ ഇന്നലെ രാവിലെയാണ് പഞ്ചാബില്‍ നിന്ന് ദില്ലി പൊലീസ് അറസ്റ്റ് ചെയ്തത്.
ഈ മാസം നാലിനാണ് വാടക വീട് ഒഴിയുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തിനൊടുവില്‍ നടന്ന കൈയാങ്കളിക്കിടെ ദില്ലി ഛത്രസാല്‍ സ്റ്റേഡിയത്തില്‍വെച്ച് സാഗര്‍ കൊല്ലപ്പെട്ടത്. സംഭവത്തിനു ശേഷം ഒളിവില്‍ പോയ സുശീല്‍ കുമാര്‍ ഹരിദ്വാറിലെ ഒരു ആശ്രമത്തിലുണ്ടെന്നായിരുന്നു നേരത്തെയുള്ള റിപ്പോര്‍ട്ടുകള്‍.
അറസ്റ്റ് ഒഴിവാക്കാനായി സുശീല്‍കുമാര്‍ ദില്ലി കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയെങ്കിലും തള്ളിയിരുന്നു. ഒളിവില്‍ കഴിയുന്ന സുശീലിനെ പിടികൂടാന്‍ ദില്ലി, ഉത്തരാഖണ്ഡ്, ഹരിയാന എന്നിവിടങ്ങളിലെ ചില പ്രദേശങ്ങളില്‍ നേരത്തെ പൊലീസ് റെയ്ഡ് നടത്തിയിരുന്നു. എന്നാല്‍ ഒടുവില്‍ പഞ്ചാബില്‍ നിന്നാണ് സുശീല്‍ കുമാര്‍ അറസ്റ്റിലായത്.