അമൃത് ഭാരത് എക്സ്പ്രസ് ട്രെയിനുമായി ഇന്ത്യന്‍ റെയില്‍വേ; ആദ്യ സര്‍വീസ് അയോദ്ധ്യയില്‍ നിന്നും

ഡല്‍ഹി: അമൃത് ഭാരത് എക്സ്പ്രസ് ട്രെയിനുമായി ഇന്ത്യന്‍ റെയില്‍വേ. രാജ്യത്തെ ആദ്യ അമൃത് ഭാരത് എക്സ്പ്രസ് അയോദ്ധ്യ-ദര്‍ഭംഗ റൂട്ടിലാണ് ഓടുക. ഈ സെമി-ഹൈ സ്പീഡ് ട്രെയിനില്‍ സാധാരണ ട്രെയിനിനേക്കാള്‍ കുറഞ്ഞ നിരക്കില്‍ യാത്ര ചെയ്യാനാകും. അത്യാധിക സൗകര്യങ്ങളോടെ ഒരുങ്ങുന്ന നോണ്‍എസി ട്രെയിനാണ് ഇത്.

ടൈംസ് ഓഫ് ഇന്ത്യ ഉള്‍പ്പെടെയുള്ള മാധ്യമങ്ങളാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയുന്നത്. ആദ്യ അമൃത് ഭാരത് എക്സ്പ്രസ് അയോദ്ധ്യ-ദര്‍ഭംഗ റൂട്ടില്‍ ഓടുമ്പോള്‍ രണ്ടാമത്തേത് മാള്‍ഡ-ബെംഗളൂരു റൂട്ടിലാണ് ഓടുക. രാജധാനി, ശതാബ്ദി ട്രെയിനുകള്‍ക്ക് സമാനമായി മണിക്കൂറില്‍ 130 കിലോമീറ്റര്‍ സ്പീഡിലാണ് സര്‍വീസ് നടത്തുക.

രാജ്യത്തെ എല്ലാം വിഭാഗം ജനങ്ങള്‍ക്കും ആധുനിക ഗതാഗത സൗകര്യങ്ങള്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് അമൃത് ഭാരത് എക്സ്പ്രസ് അവതരിപ്പിച്ചത്. അത്യാധുനിക സുരക്ഷാ സംവിധാനങ്ങളോടെ എല്‍എച്ച്ബി മോഡലിലാണ് ബോഗികള്‍ ഒരുക്കിയിരിക്കുന്നത്.

22 ബോഗികളുള്ള ഈ ട്രെയിനില്‍ എസി കോച്ചുകള്‍ക്ക് പകരം സാധാരണ കോച്ചുകളാണ് ഒരുക്കിയിരിക്കുന്നത്. സിസിടിവി ക്യാമറകള്‍, ആധുനിക ടോയ്‌ലറ്റുകള്‍, ബോഗികളില്‍ സെന്‍സര്‍ വാട്ടര്‍ ടാപ്പുകള്‍, മെട്രോയുടെ മാതൃകയില്‍ അനൗണ്‍സ്‌മെന്റ് സംവിധാനം എന്നിവയും അമൃത് ഭാരതില്‍ സജ്ജീകരിച്ചിട്ടുണ്ട്.

Top