മുംബൈ: രൂപയുടെ മൂല്യത്തില്‍ വീണ്ടും തകര്‍ച്ച. ബുധനാഴ്ച രാവിലത്തെ വ്യാപാരത്തില്‍ 35 പൈസയുടെ നഷ്ടമാണുണ്ടായത്. യുഎസ് ഡോളറിനെതിരെ 68 ആയി രൂപയുടെ മൂല്യം.
എണ്ണ വിലയിടിവും ചൈന വിപണിയിലെ അനിശ്ചിതാവസ്ഥയും വളര്‍ന്നുവരുന്ന സമ്പദ് ഘടനകളുടെയെല്ലാം കറന്‍സികളെ ദുര്‍ബലമാക്കിയിട്ടുണ്ട്. ഈ അവസ്ഥയില്‍ രൂപ ഇനിയും താഴ്‌ന്നേക്കാമെന്നുതന്നെയാണ് കണക്കുകൂട്ടല്‍.
1991ലുണ്ടായ സാമ്പത്തിക മാന്ദ്യത്തെ അനുസ്മരിച്ചായിരുന്നു 2013ല്‍ ഡോളറിനെതിരെ രൂപയുടെ മൂല്യമിടിഞ്ഞത്. 68.85 ആയിരുന്നു അന്നത്തെ നിലവാരം.
വിലയിടിവ് തടയാന്‍ റിസര്‍വ് ബാങ്കിന്റെ ഭാഗത്തുനിന്ന് കൂടുതല്‍ ഇടപെടലുണ്ടാകുമെന്നാണ് പ്രതീക്ഷ. അവധി വ്യാപാരത്തിലും ഇടപെടലുണ്ടായേക്കും. ഈയവസരത്തിലും മറ്റ് ഏഷ്യന്‍ കറന്‍സികളെ അപേക്ഷിച്ച് രൂപയ്ക്കുണ്ടായ നഷ്ടം കുറവാണ്.
ശക്തമായ വിദേശനാണ്യ കരുതല്‍ ശേഖരവും നിയന്ത്രണത്തിലുള്ള പണപ്പെരുപ്പവും വിപണിക്ക് ആശ്വാസം പകരുന്നുണ്ട്. 7.5 ശതമാനം വളര്‍ച്ചയാണ് ഈ സാമ്പത്തിക വര്‍ഷം ഇന്ത്യ പ്രതീക്ഷിക്കുന്നത്. അടുത്ത വര്‍ഷം വളര്‍ച്ച 7.8 ശതമാനമായേക്കും.