കൊച്ചി: ഡോളറിനെതിരെ ഇന്ത്യന്‍ റുപ്പിയുടെ തകര്‍ച്ച തുടരുന്നു. കഴിഞ്ഞ 29 മാസത്തെ കുറഞ്ഞ മൂല്യമായ 68..22ലാണ് ഡോളറിനെതിരെ രൂപ ഇന്നലെ വ്യാപാരം അവസാനിപ്പിച്ചത്. ഇന്നലെ മാത്രം 17 പൈസ രൂപയ്ക്ക് നഷ്ടപ്പെട്ടു.
ബുധനാഴ്ച ഡോളറിനു മുന്നില്‍ 25 പൈസയും രൂപ അടിയറവു പറഞ്ഞിരുന്നു. 2013 സെപ്തംബറില്‍ രേഖപ്പെടുത്തിയ 68.85 ആണ് ഡോളറിനെതിരെ രൂപയുടെ റെക്കാഡ് താഴ്ച.
ഇറക്കുമതിക്കാരും (പ്രത്യേകിച്ച് പൊതുമേഖലാ എണ്ണക്കമ്പനികള്‍) ബാങ്കുകളും വന്‍തോതില്‍ ഡോളര്‍ വാങ്ങിക്കൂട്ടുന്നതും ഓഹരി വിപണിയില്‍ നിന്ന് വിദേശ മൂലധനം കുത്തനെ ഇടിയുന്നതുമാണ് രൂപയെ തളര്‍ത്തുന്നത്.
അമേരിക്കയിലെ കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വിന്റെ കഴിഞ്ഞ രണ്ടു ദിനങ്ങളിലായി നടന്ന നിര്‍ണായക ധന അവലോകന യോഗം ഡോളറിന് ആഗോള തലത്തില്‍ പകര്‍ന്നു നല്‍കിയ കുതിപ്പും രൂപയുടെ തളര്‍ച്ചയ്ക്ക് ആക്കം കൂട്ടി. വരും സെഷനുകളില്‍ രൂപ റെക്കാഡ് ഇടിവു രേഖപ്പെടുത്തുമെന്നാണ് വിലയിരുത്തലുകള്‍.