ലഖ്‌നോ: തീവ്രവാദ ബന്ധമാരോപിച്ച് അലിഗഡ് മുസ്ലിം യൂണിവേഴ്‌സിറ്റി പുറത്താക്കിയ ഗവേഷക വിദ്യാര്‍ത്ഥി മന്നാന്‍ ബഷീര്‍ വാനി തങ്ങളോടൊപ്പം ചേര്‍ന്നതായി ഹിസ്ബുല്‍ മുജാഹിദിന്‍ സ്ഥിരീകരിച്ചു. തൊഴിലില്ലായ്മയും സാമ്പത്തിക ബുദ്ധിമുട്ടും കാരണമാണ് യുവാക്കള്‍ ഞങ്ങളോടൊപ്പം ചേരുന്നതെന്നത് ഇന്ത്യന്‍ സൈന്യത്തിന്റെ പ്രചാരണം മാത്രമാണെന്നും, വിദ്യാസമ്പന്നരായ ചെറുപ്പക്കാര്‍ ഹിസ്ബുലില്‍ ചേരുന്നത് സ്വാതന്ത്ര്യപോരാട്ടം മുന്നോട്ട് കൊണ്ടുപോകാനാണെന്നും സംഘടന തലവന്‍ സയീദ് സലാഹുദ്ദീന്‍ പറഞ്ഞു.
കശ്മീര്‍ സ്വദേശിയായ മന്നാന്‍ ബഷീര്‍ വാനി തോക്ക് പിടിച്ച് നില്‍ക്കുന്ന ചിത്രം സമൂഹക മാധ്യമങ്ങളില്‍ വൈറലായിരുന്നു. ഫോട്ടോക്ക് നല്‍കിയ അടിക്കുറിപ്പനുസരിച്ച് ജനുവരി അഞ്ചിനാണ് വാനി തീവ്രവാദ സംഘടനയില്‍ ചേര്‍ന്നത്. ബഷീര്‍ വാനിയുടെ സര്‍വകലാശാലയിലെ റൂം പൊലീസ് പൂട്ടി സീല്‍ ചെയ്യുകയും അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തിരുന്നു. മന്നാനിയുടെ ഫോണ്‍ ഇപ്പോഴും സ്വിച്ച് ഓഫാണ്. അദ്ദേഹത്തോട് തിരിച്ചുവരാന്‍ ബന്ധുക്കള്‍ അഭ്യര്‍ത്ഥിച്ചിരുന്നു.
കഴിഞ്ഞ വര്‍ഷം ശ്രീനഗറിലേക്ക് പോകവേ വാനിയെ സൈന്യം അപമാനിച്ചതിനാലാണ് തീവ്രവാദത്തിലേക്ക് തിരിയാന്‍ പ്രേരിപ്പിപ്പിച്ചതെന്ന് അദ്ദേഹത്തിന്റെ സുഹൃത്ത് വ്യക്തമാക്കി. മന്നാന്‍ ബഷീര്‍ വാനി സൈന്യത്താല്‍ പീഡിപ്പിക്കപ്പെട്ടതെന്ന് എന്നോട് പങ്കുവെച്ചിട്ടുണ്ടെന്നും, എന്നാല്‍ മന്നാന്‍ ഇത്തരമൊരു തീവ്ര നടപടി സ്വീകരിക്കുമെന്ന് വിചാരിച്ചിരുന്നില്ലെന്നും സുഹൃത്ത് പറഞ്ഞു.
ലോലാബ് താഴ് വരയില്‍ നിന്നുള്ള വാനി ജിയോളജിയില്‍ എം.ഫില്‍ വിദ്യാര്‍ത്ഥിയാണ്. ഭോപ്പാല്‍ യൂണിവേഴ്‌സിറ്റിയില്‍ നടന്ന സെമിനാറില്‍ മികച്ച അവതരണത്തിന് അവാര്‍ഡ് ലഭിച്ച മിടുക്കനായ വിദ്യാര്‍ത്ഥി കൂടിയാണ് വാനി.