indian scout sixty could be launched india

ഇന്ത്യന്‍ മോട്ടോര്‍സൈക്കിള്‍സിന്റെ പുതിയ സ്‌കൗട്ട് സിക്സ്റ്റി മോഡല്‍ ഇന്ത്യന്‍ വിപണിയിലെത്താന്‍ സാധ്യത. ഈ വാഹനം വരുന്ന ഇന്ത്യന്‍ ഓട്ടോ എക്‌സ്‌പോയില്‍ അവതരിപ്പിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്.

2016 ഫെബ്രുവരി മാസത്തിലാണ് ഈ വാഹനം വിപണിയിലെത്തുക. മിലനില്‍ നടന്ന 2015 ഇഐസിഎംഎ മോട്ടോര്‍ ഷോയിലാണ് സ്‌കൗട്ട് സിക്സ്റ്റി മോഡല്‍ ആദ്യമായി അവതരിപ്പിക്കപ്പെട്ടത്. പൂര്‍ണമായും വിദേശത്തു നിര്‍മിച്ച് ഇന്ത്യന്‍ വിപണിയിലെത്തിക്കുകയാണ് ചെയ്യുക. ഇന്ത്യന്‍ മോട്ടോര്‍സൈക്കിള്‍സിന്റെ എല്ലാ മോഡലുകളും ഇതേ മാതൃകയിലാണ് രാജ്യത്തെത്തുന്നത്.

പുതിയൊരു എന്‍ജിനാണ് സ്‌കൗട്ട് സിക്സ്റ്റി മോഡലില്‍ ഘടിപ്പിച്ചിരിക്കുന്നത് 999സിസി ശേഷിയുള്ള ഈ വി ട്വിന്‍, ലിക്വിഡ് കൂള്‍ഡ് എന്‍ജിന്‍ 78 കുതിരശക്തി ഉല്‍പാദിപ്പിക്കുന്നു. 88.8 എന്‍എം ആണ് പരമാവധി ടോര്‍ക്ക്. ഒരു 5 സ്പീഡ് ഗിയര്‍ബോക്‌സ് എന്‍ജിന്‍ കരുത്ത് ചക്രങ്ങളിലെത്തിക്കുന്നു. അമേരിക്കയില്‍ സ്‌കൗട്ട് സിക്സ്റ്റിക്ക് 8,999 ഡോളര്‍ വിലയുണ്ട്. ഇത് ഇന്ത്യന്‍ രൂപയുടെ ഇപ്പോഴത്തെ നിലവാരത്തില്‍ 6.04 ലക്ഷം രൂപവരും.

ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്നതിനാല്‍ വന്‍തോതിലുള്ള നികുതിയടവുകള്‍ കഴിഞ്ഞാണ് നിരത്തിലിറക്കാന്‍ സാധിക്കുക. ഹാര്‍ലി ഡേവിസണ്‍, ട്രയംഫ് തുടങ്ങിയ എതിരാളികള്‍ ഈ വാഹനത്തിനുണ്ട് നിലവില്‍. ഇക്കാരണത്താല്‍ തന്നെ വിലയിടലില്‍ ഇന്ത്യന്‍ വളരെയേറെ ശ്രദ്ധ പുലര്‍ത്തിയേക്കും.

Top