പ്രധാനമന്ത്രി നരേന്ദ്രമോദി പ്രത്യേക താല്‍പര്യമെടുത്തു നടപ്പാക്കുന്ന സൗരോര്‍ജ പദ്ധതികള്‍ക്ക് ഒരു ബില്യണ്‍ യു എസ് ഡോളര്‍ (ഏകദേശം 6750 കോടി രൂപ) സഹായം നല്‍കാന്‍ ലോകബാങ്ക് ഒരുക്കമാണെന്ന് പ്രസിഡന്റ് ഡോ. ജിം യോങ് കിം വെളിപ്പെടുത്തി.
ഇന്ത്യ നേതൃത്വം നല്‍കുന്ന 121 രാഷ്ട്രങ്ങളുടെ ഇന്റര്‍നാഷനല്‍ സോളര്‍ അലയന്‍സിന് 2030 ഓടെ ഒരു ലക്ഷം കോടി യു എസ് ഡോളറിന്റെ സഹായം നല്‍കുന്നതിനുള്ള കരാറും ലോകബാങ്കും ഇന്ത്യയുമായി ഒപ്പുവച്ചു.
ലോകബാങ്ക് കഴിഞ്ഞ വര്‍ഷം ഇന്ത്യയിലെ വിവിധ പദ്ധതികള്‍ക്കായി 480 കോടി ഡോളറിന്റെ സഹായം പ്രഖ്യാപിച്ചിരുന്നു.അതിനു പുറമെയാണു പുതിയ തുക.
കഴിഞ്ഞ നവംബറില്‍ ഐക്യരാഷ്ട്ര സംഘടനയുടെ കാലാവസ്ഥാ വ്യതിയാന സമ്മേളനത്തിലാണ് ഇന്റര്‍നാഷനല്‍ സോളര്‍ അലയന്‍സിന് രൂപം നല്‍കിയത്. 2030 ആകുമ്പോഴേക്കും ഇന്ത്യ റിന്യൂവബിള്‍ എനര്‍ജിയുടെ ശേഷി മൂന്നിരട്ടിയായി വര്‍ധിപ്പിക്കുമെന്ന് ലോകബാങ്ക് പ്രസിഡന്റ് പറഞ്ഞു.
കാലാവസ്ഥാ വ്യതിയാനത്തിനെതിരായ പോരാട്ടത്തില്‍ ഇതിന് ആഗോള വ്യാപകമായ പ്രാധാന്യമുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 2020 ആകുമ്പോഴേക്കും സൗരോര്‍ജ ശേഷി 100 ഗിഗാവാട്ട്‌സായി ഉയര്‍ത്തും എന്നാണ് പ്രധാനമന്ത്രി മോദി പ്രഖ്യാപിച്ചിരിക്കുന്നത്. ഇത് നിലവിലുള്ളതിന്റെ 30 മടങ്ങാണ്.
സൗരോര്‍ജ പദ്ധതികള്‍ക്കായി ജര്‍മനിയിലെ കെ എഫ് ഡബ്ല്യു ബാങ്കും ഇന്ത്യയ്ക്ക് 100 കോടി യൂറോ വായ്പ കുറഞ്ഞ പലിശ നിരക്കില്‍ നല്‍കാന്‍ കരാര്‍ ഒപ്പിട്ടിരുന്നു. മേല്‍ക്കൂരകളിലെ സോളര്‍ പാനലുകള്‍ സ്ഥാപിക്കാനും സോളര്‍ ഫാമുകള്‍ തുടങ്ങാനുമാണിത്