ന്യൂഡല്‍ഹി: ഇന്ത്യന്‍ സൈനിക പോസ്റ്റുകള്‍ക്കു നേര്‍ക്ക് ആക്രമണം നടത്താന്‍ ശ്രമിക്കുന്നതിനിടെ ഇന്ത്യന്‍ വ്യോമസേന വെടിവെച്ചിട്ട പാക്ക് പോര്‍ വിമാനത്തിന്റെ ദൃശ്യം പുറത്ത്. ദൃശ്യങ്ങള്‍ എഎന്‍ഐയാണ് പുറത്ത് വിട്ടിരിക്കുന്നത്.
പാക്ക് വ്യോമസേനയുടെ എഫ്-16 വിമാത്തെയാണ് ഇന്ത്യന്‍ മിഗ്-21 വിമാനങ്ങള്‍ പിന്തുടര്‍ന്ന് വെടിവെച്ചിട്ടത്. പാക്കിസ്ഥാന്റെ 7-വടക്കന്‍ ലൈറ്റ് ഇന്‍ഫന്‍ട്രി കമാന്‍ഡിംഗ് ഓഫിസര്‍ വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ പരിശോധിക്കുന്ന ചിത്രമാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. ഇക്കാര്യം ഇന്ത്യന്‍ പ്രതിരോധ വൃത്തങ്ങള്‍ സ്ഥിരീകരിച്ചിട്ടുണ്ട്.
ഇന്ത്യയില്‍ ആക്രമണത്തിനു ശ്രമിച്ച പാക്ക് വിമാനം വെടി വെച്ചിട്ടെന്നും പാക്ക് അധിനിവേശ കശ്മീരിലാണ് വിമാനം വീണതെന്നും ഇന്ത്യന്‍ വിദേശകാര്യ വക്താവ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
ബാലക്കോട്ട് ആക്രമണത്തിന് പിന്നാലെ പാക്കിസ്ഥാന്‍ വിമാനങ്ങള്‍ ഇന്ത്യന്‍ അതിര്‍ത്തിയിലേക്ക് പ്രവേശിക്കാന്‍ ശ്രമിച്ചിരുന്നു. പാക്ക് വിമാനങ്ങളെ അതിര്‍ത്തിയില്‍ നിന്ന് തുരത്താനുള്ള ശ്രമങ്ങള്‍ക്കിടെയാണ് ഇന്ത്യയുടെ മിഗ്-21 വിമാനം തകര്‍ന്ന് പൈലറ്റ് അഭിനന്ദന്‍ വര്‍ധമാന്‍ പാക്കിസ്ഥാന്റെ പിടിയിലായത്.
അഭിനന്ദനെ വിട്ടുകിട്ടാനുള്ള ശ്രമം ഇന്ത്യ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. അന്തര്‍ദേശീയ തലത്തില്‍ നയതന്ത്രസമ്മര്‍ദ്ദം ശക്തമാക്കുന്നതടക്കം സാധ്യമായ മുഴുവന്‍ വഴികളും ഇന്ത്യ തേടും. അതിര്‍ത്തിയിലെ സുരക്ഷയ്ക്ക് പുറമെ അഭിനന്ദനെ തിരികെ എത്തിക്കാനുള്ള ചര്‍ച്ചകളും ഉന്നതതലത്തില്‍ തുടരുകയാണ്. ഇന്നലെ രാത്രി വൈകിയും പ്രധാനമന്ത്രിയുടെ വസതിയില്‍ തിരക്കിട്ട ഉന്നതതല യോഗങ്ങള്‍ നടന്നു.
അഭിനന്ദനെ സുരക്ഷിതനായി തിരിച്ചെത്തിക്കണമെന്ന ആവശ്യവുമായി സൈനികന്റെ കുടുംബവും രംഗത്തെത്തിയിരുന്നു.
നയതന്ത്ര ഇടപെടല്‍ ഉണ്ടായാല്‍ പിടിയിലായ സൈനികനെ ഒരാഴ്ചയ്ക്കം വിട്ടയക്കണമെന്നാണ് ജനീവ കരാര്‍ നിര്‍ദേശം. വിങ് കമാന്‍ഡര്‍ അഭിനന്ദ് വര്‍ധമാനെ കരാര്‍ പാലിച്ച് വിട്ടയ്ക്കണമെന്നാണ് ഇന്ത്യ പാക്കിസ്ഥാനോട് ആവശ്യപ്പെടുന്നത്. വ്യോമസേനയുടെ പ്രത്യേക പരിശീലനം നേടിയ സുര്യ കിരണ്‍ അംഗമാണ് വിങ് കമാന്‍ഡര്‍ അഭിനന്ദ് വര്‍ധമാന്‍.
പാക് ഭീകരരെക്കുറിച്ചുള്ള വിവരങ്ങള്‍ ഇന്ത്യ കൈമാറിയതോടെ പാക്കിസ്ഥാന്‍ കൂടുതല്‍ പ്രതിരോധത്തിലായിരിക്കുകയാണ്. പാക്കിസ്ഥാനിലെ എല്ലാ വിമാനത്താവളങ്ങളും അടച്ചിട്ടതായി വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ഇതിനിടെ പാക്കിസ്ഥാനെതിരെ കൂടുതല്‍ ലോകരാജ്യങ്ങള്‍ രംഗത്തുവന്നു. ഭീകരസംഘടന ജെയ്‌ഷെ മുഹമ്മദ് തലവനെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന് അമേരിക്കയും ബ്രിട്ടനും ഫ്രാന്‍സും യു.എന്‍ രക്ഷാസമതിയില്‍ ആവശ്യപ്പെട്ടു.