ഇസ്‌ലാമാബാദ്: അതിര്‍ത്തിയിലെ വെടിവയ്പില്‍ വീരമൃത്യു വരിച്ച ഇന്ത്യന്‍ സൈനികന്റെ മൃതദേഹം വികൃതമാക്കിയിട്ടില്ലെന്ന് പാകിസ്താന്‍.
ഇന്ത്യന്‍ മാധ്യമങ്ങള്‍ പാകിസ്താനെ അപകീര്‍ത്തിപ്പെടുത്താനാണ് ഇത്തരം വാര്‍ത്തകള്‍ നല്‍കുന്നതെന്ന് പാക് വിദേശ മന്ത്രാലയ വക്താവ് നഫീസ് സകരിയ ട്വീറ്ററിലൂടെ ആരോപിച്ചു.
പാക് സൈന്യം ഇത്തരം ഹീനമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടില്ലെന്നാണ് സകരിയയുടെ അവകാശവാദം.
ചൊവ്വാഴ്ച കശ്മീരിലെ മാച്ചില്‍ സെക്ടറില്‍ നടന്ന ആക്രമണത്തില്‍ കൊല്ലപ്പെട്ട മൂന്ന് ഇന്ത്യന്‍ സൈനികരില്‍ ഒരാളുടെ തലയാണ് പാക് സൈന്യം അറുത്തുമാറ്റിയത്. ഭീരുത്വം നിറഞ്ഞ പാക് സൈന്യത്തിന്റെ നടപടിക്ക് ശക്തമായ തിരിച്ചടി നല്‍കുമെന്ന് ഇന്ത്യന്‍ സൈന്യം വ്യക്തമാക്കിയിരുന്നു.
അതിനിടെ, ഇന്നു ജമ്മു കശ്മീരില്‍ മൂന്നിടത്ത് പാകിസ്താന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു. ഇന്നു രാവിലെ ഭീംബേര്‍ ഗലി, കൃഷ്ണ ഘാട്ടി, നൗഷറ സെക്ടര്‍ എന്നിവിടങ്ങളിലാണ് പാക്ക് സൈന്യം യാതൊരു പ്രകോപനവുമില്ലാതെ വെടിവച്ചത്. ഇന്ത്യന്‍ സൈന്യം ശക്തമായ തിരിച്ചടി നല്‍കി.
കഴിഞ്ഞ മാസം 29നും ഇങ്ങനെ ചെയ്തിരുന്നു. മൃതദേഹം വികൃതമാക്കിയ സംഭവത്തെക്കുറിച്ചു ലെഫ്.ജനറല്‍ ബിപിന്‍ റാവത് ഡല്‍ഹിയില്‍ പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍ക്കു വിശദമായ റിപ്പോര്‍ട്ട് നല്‍കി.
.