കശ്മീർ: കനത്ത മഞ്ഞു വീഴ്ച. കാൽമുട്ടോളം മഞ്ഞ്. കൊടും തണുപ്പ്. ഈ പ്രതികൂല സാഹചര്യത്തിലും ആശുപത്രിയിലെത്താൻ യാതൊരു മാർഗവുമില്ലാതെ ബുദ്ധിമുട്ടിയ ഗർഭിണിയായ യുവതിയെ നിശ്ചയദാർഢ്യം കൈവിടാതെ സുരക്ഷിതമായി ആശുപത്രിയിലെത്തിച്ച് സൈനികർ. ആഴമേറിയ മഞ്ഞ് പാളികൾക്കിടയിലൂടെ രണ്ട് കിലോമീറ്ററോളം ഗർഭിണിയേയും ചുമന്ന് നടന്നാണ് സൈനികർ ഇവരെ ആശുപത്രിയിലെത്തിച്ചത്.ചൊവ്വാഴ്ച അർധരാത്രിയോടെയാണ് കുപ്വാരയിലെ കരൽപുരയിലുള്ള സൈനികരെ തേടി വടക്കൻ കശ്മീരിലെ ടാങ്മാർഗ് പ്രദേശത്തെ ഗ്രാമത്തിൽ നിന്ന് സഹായം അഭ്യർഥിച്ചുള്ള ഒരു ഫോൺ വിളിയെത്തുന്നത്.
സാഹചര്യത്തിന്റെ ഗൗരവം മനസിലാക്കിയ ഉടൻതന്നെ ഒരു ആരോഗ്യപ്രവർത്തകനേയും ഒപ്പംകൂട്ടി സൈനികർ സംഭവ സ്ഥലത്തേക്ക് തിരിച്ചു. ക്യാമ്പിൽ നിന്ന് ഏകദേശം അഞ്ച് കിലോമീറ്ററോളം ദൂരം സഞ്ചരിച്ചാണ് സൈനിക സംഘം ഗർഭിണിയുടെ വീട്ടിലേക്കെത്തിയത്. പ്രാഥമിക പരിശോധനയ്ക്ക് ശേഷം ഗർഭിണിയെ സ്ട്രെച്ചറിൽ ചുമന്ന് രണ്ട് കിലോമീറ്ററോളം മഞ്ഞിലൂടെ നടന്ന് അടുത്തുള്ള റോഡ് വരെയെത്തിച്ചു. ഇവിടെനിന്നും യുവതിയെ അതിവേഗം അടുത്തുള്ള ആശുപത്രിയിലേക്കും എത്തിക്കുകയായിരുന്നു.