.ആദ്യ റോക്കറ്റ് വിക്ഷേപണത്തിനൊരുങ്ങി ഇന്ത്യന്‍ സ്‌പേസ് സ്റ്റാര്‍ട്ടപ്പായ അഗ്നികുല്‍ കോസ്‌മോസ്. അഗ്നികുല്‍ വികസിപ്പിച്ച അഗ്നിബാന്‍ സബ് ഓര്‍ബിറ്റല്‍ ടെക്ക് ഡെമോണ്‍സ്‌ട്രേറ്റര്‍ റോക്കറ്റ് മാര്‍ച്ച് 22 വെള്ളിയാഴ്ച വിക്ഷേപിക്കും. വെറും രണ്ട് മിനിറ്റ് മാത്രം ദൈര്‍ഘ്യമുള്ള വിക്ഷേപണ ദൗത്യമാണിത്.
പൂര്‍ണമായും തദ്ദേശീയമായി വികസിപ്പിച്ച അഗ്നിബാന്‍ സബ് ഓര്‍ബിറ്റല്‍ ടെക്ക് ഡെമോണ്‍സ്‌ട്രേറ്റര്‍ ഒരു സ്‌റ്റേജ് മാത്രമുള്ള പരീക്ഷണ റോക്കറ്റാണ്. ലോകത്തിലെ ആദ്യത്തെ സിംഗിള്‍ പീസ് ത്രിഡി പ്രിന്റ്ഡ് സെമി ക്രയോജനിക് റോക്കറ്റ് എഞ്ചിനായ അഗ്നിലെറ്റ് എഞ്ചിന്റെ പരീക്ഷണമാണ് ദൗത്യത്തിലൂടെ ലക്ഷ്യമിടുന്നത്. തദ്ദേശീയമായി വികസിപ്പിച്ച സബ്-കൂള്‍ഡ് ലിക്വിഡ് ഒക്‌സിജന്‍ അടിസ്ഥാനമാക്കിയുള്ള പ്രൊപ്പല്‍ഷന്‍ സിസ്റ്റം ആണ് ഇത്.
2017 ല്‍ എയറോസ്‌പേസ് എഞ്ചിനീയര്‍മാരായ ശ്രീനാഥ് രവിചന്ദ്രനും. എസ്പിഎം മോയിനും ചേര്‍ന്നാണ് അഗ്നികുല്‍ കോസ്‌മോസിന് തുടക്കമിട്ടത്. വിവിധ സ്വകാര്യ ഇക്വിറ്റി നിക്ഷേപകരില്‍ നിന്ന് 332.4 കോടി രൂപ സമാഹരിച്ചിട്ടുണ്ട്.
6.2 മീറ്റര്‍ ഉയരമാണ് റോക്കറ്റിന്. ഇന്ത്യയില്‍ നിന്നുള്ള ആദ്യത്തെ എഥര്‍നെറ്റ് അധിഷ്ഠിത ഏവിയോമിക് ആര്‍കിടെക്ചറും പൂര്‍ണമായും തദ്ദേശീയമായി വികസിപ്പിച്ച ഓട്ടോപൈലറ്റ് സോഫ്റ്റ് വെയറും ഉപയോഗിച്ചാണ് ഇതിന്റെ നിര്‍മിതി. സബ് കൂള്‍ഡ് ലിക്വിഡ് ഓക്സിജനും ഏവിയേഷന്‍ ടര്‍ബൈന്‍ ഫ്യൂവലും ഇന്ധനമായി ഉപയോഗിക്കുന്ന റോക്കറ്റില്‍ നാല് കാര്‍ബണ്‍ കോമ്പോസിറ്റ് ഫിനുകള്‍ സ്ഥാപിച്ചിട്ടുണ്ട്.
വെറും രണ്ട് മിനിറ്റ് മാത്രമായിരിക്കും ദൗത്യം. സതീഷ് ധവാന്‍ ബഹിരാകാശ നിലയത്തിലുള്ള ഇന്ത്യയിലെ ആദ്യ സ്വകാര്യ വിക്ഷേപണത്തറയായ എഎല്‍പി-01 ല്‍ നിന്നാണ് വിക്ഷേപണം. വിക്ഷേപണ ശേഷം രണ്ട് മിനിറ്റില്‍ റോക്കറ്റ് കടലില്‍ പതിക്കും.