ഇന്ത്യന്‍ സ്റ്റാര്‍ പേസര്‍ മുഹമ്മദ് ഷമിയുടെ ഗ്രാമത്തില്‍ മിനി സ്റ്റേഡിയവും ജിംനേഷ്യവും ഒരുങ്ങുന്നു. ഷമി ജനിച്ചുവളര്‍ന്ന ഉത്തര്‍പ്രദേശിലെ അംറോഹ ജില്ലയിലെ ഗ്രാമത്തിലാണ് ഇവ നിര്‍മ്മിക്കുന്നത്. ഇത് സംബന്ധിച്ച നിര്‍ദ്ദേശം അംറോഹ ജില്ലാ ഭരണകൂടം സംസ്ഥാന സര്‍ക്കാരിന് കൈമാറും. ഏകദിന ലോകകപ്പിലെ ഷമിയുടെ മിന്നും പ്രകടനത്തിന് പിന്നാലെയാണ് തീരുമാനം.
ലോകകപ്പില്‍ ഇന്ത്യയുടെ ഹീറോയാണ് മുഹമ്മദ് ഷമി. ഹാര്‍ദിക് പാണ്ഡ്യയ്ക്ക് പകരക്കാരനായി ഇറങ്ങിയ ഷമി, ടൂര്‍ണമെന്റില്‍ വെറും ആറ് മത്സരങ്ങളില്‍ നിന്ന് 23 വിക്കറ്റുകളാണ് വീഴ്ത്തിയത്. ടൂര്‍ണമെന്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് വീഴ്ത്തിയ താരം കൂടിയാണ് അദ്ദേഹം.
അംറോഹ ജില്ലയിലെ സഹസ്പൂര്‍ അലിനഗര്‍ ഗ്രാമത്തിലാണ് മുഹമ്മദ് ഷമി ജനിച്ചുവളര്‍ന്നത്. മിനി സ്റ്റേഡിയവും ജിംനേഷ്യവും നിര്‍മിക്കുന്നതിന് അനുയോജ്യമായ സ്ഥലം കണ്ടെത്തുന്നതിനായി വെള്ളിയാഴ്ച അംറോഹ ജില്ലാ മജിസ്ട്രേറ്റിന്റെ നേതൃത്വത്തിലുള്ള സംഘം ഷാമി ഗ്രാമം സന്ദര്‍ശിച്ചിരുന്നു. ഗ്രാമത്തില്‍ ആവശ്യത്തിന് സ്ഥലമുണ്ടെന്നും, നിര്‍ദേശം ഉടന്‍ സര്‍ക്കാരിന് കൈമാറുമെന്നും ജില്ലാ മജിസ്ട്രേറ്റ് രാജേഷ് ത്യാഗി പറഞ്ഞു.