താമര വാടിയപ്പോള്‍ ഷെയര്‍ മാര്‍ക്കറ്റിന്റെ ഇതളുകളും കൊഴിഞ്ഞു

sensex

മുംബൈ: തെരഞ്ഞെടുപ്പ് ഫലത്തില്‍ കൂപ്പ്കുത്തി ഓഹരി വിപണി. നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപി കനത്ത തിരിച്ചടി നേരിട്ട പശ്ചാത്തലത്തില്‍ ഓഹരി വിപണിയില്‍ ഇടിവാണ് സംഭവിച്ചത്. സെന്‍സെക്‌സ് 505 പോയിന്റ് നഷ്ടത്തില്‍ 34,584.13ലും നിഫ്റ്റി 153 പോയിന്റ് താഴ്ന്ന് 10,335.10ത്തിലുമാണ് വ്യാപാരം നടക്കുന്നത്. അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഫലം പുറത്ത് വരുമ്പോള്‍ മധ്യപ്രദേശിലും രാജസ്ഥാനിലും ചത്തീസ്ഗഡിലും കോണ്‍ഗ്രസിന് ലീഡ് നിലയില്‍ കേവലഭൂരിപക്ഷം.

യെസ് ബാങ്ക്, ഇന്ത്യ ബുള്‍സ് ഹൗസിങ്, ടെക് മഹീന്ദ്ര, എസ്ബിഐ, ഗെയില്‍, എന്‍ടിപിസി, വിപ്രോ തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്. ഏഷ്യന്‍ പെയിന്റ്‌സ്, ഐടിസി, വേദാന്ത,ബജാജ് ഓട്ടോ, ഹീറോ മോട്ടോര്‍കോര്‍പ്, ഇന്റസന്‍ഡ് ബാങ്ക്, എച്ച്ഡിഎഫ്‌സി ബാങ്ക്, ടാറ്റ സ്റ്റീല്‍,ടിസിഎസ്, പവര്‍ഗ്രിഡ്, ഐസിഐസിഐ ബാങ്ക്, ഒഎന്‍ജിസി, ആക്‌സിസ് ബാങ്ക്, ടാറാറാ മോട്ടോര്‍സ്, റിലയന്‍സ്, അദാനി പോര്‍ട്‌സ്, കൊട്ടക് മഹീന്ദ്ര, ഭാരതി എയര്‍ടെല്‍ എന്നിവ നഷ്ടത്തിലാണ്

ചത്തീസ്ഗഡില്‍ 90 സീറ്റില്‍ 57ലും കോണ്‍ഗ്രസ് മുന്നിലാണ്. തെലങ്കാനയില്‍ ടിആര്‍എസ് കേവലഭൂരിപക്ഷം ഉറപ്പിച്ചു. മിസോറാമില്‍ പത്ത് വര്‍ഷം ഭരിച്ച കോണ്‍ഗ്രസിന് തിരിച്ചടിയാണ് കാണുന്നത്. എംഎന്‍എഫിന് ലീഡ് നിലയില്‍ കേവലഭൂരിപക്ഷം ലഭിച്ചു. ഒറ്റയ്ക്ക് അധികാരത്തിലേക്ക് നീങ്ങുകയാണ് എംഎന്‍എഫ്. അഞ്ച് സംസ്ഥാനങ്ങളിലെ പുറത്തുവന്ന തെരഞ്ഞെടുപ്പ് ഫല സൂചനകള്‍ ഇന്ത്യന്‍ ഓഹരി വിപണിയെ വലിയ തോതില്‍ സമ്മര്‍ദ്ദത്തിലാക്കുന്നതായാണ് വിപണി നിരീക്ഷകരുടെ നിഗമനം.

റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഉര്‍ജിത് പട്ടേലിന്റെ രാജിയും ഇന്ത്യന്‍ ഓഹരി വിപണിയിലെ ഇടിവിന് കാരണമായതായി വിപണി നിരീക്ഷകര്‍ അഭിപ്രായപ്പെട്ടു.

Top