ന്യൂയോര്‍ക്ക്: ഇന്ത്യന്‍ വിദ്യാര്‍ഥിയെ യു.എസില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ബോസ്റ്റണ്‍ സര്‍വകലാശാലയിലെ എന്‍ജിനീയറിങ് വിദ്യാര്‍ഥിയായ ആന്ധ്രപ്രദേശ് ഗുണ്ടൂര്‍ സ്വദേശി അഭിജിത് പരുചുരു(20)വാണ് മരിച്ചത്. അതേസമയം, വിദ്യാര്‍ഥിയുടെ മരണം കൊലപാതകമാണെന്നാണ് കുടുംബത്തിന്റെ ആരോപണം.
വിദ്യാര്‍ഥിയുടെ മരണവുമായി ബന്ധപ്പെട്ട് പ്രാഥമിക അന്വേഷണത്തില്‍ സംശയാസ്പദമായി ഒന്നും കണ്ടെത്തിയിട്ടില്ലെന്ന് ന്യൂയോര്‍ക്കിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് അറിയിച്ചു. വിദ്യാര്‍ഥിയുടെ മാതാപിതാക്കള്‍ അന്വേഷണ ഏജന്‍സികളുമായി ബന്ധപ്പെടുന്നുണ്ടെന്നും ഇന്ത്യന്‍ വിദ്യാര്‍ഥിയുടെ മരണത്തില്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നതായും കോണ്‍സുലേറ്റ് സാമൂഹികമാധ്യമമായ ‘എക്സി’ല്‍ കുറിച്ചു.
അഭിജിത്തിന്റെ മാതാപിതാക്കളും യു.എസിലെ കണക്ടിക്കട്ടിലാണ് താമസിക്കുന്നത്. മാര്‍ച്ച് 11-ന് വനമേഖലയില്‍ കാറിനുള്ളിലാണ് അഭിജിതിന്റെ മൃതദേഹം കണ്ടെത്തിയത്. അഭിജിത്തിനെ സര്‍വകലാശാല കാമ്പസില്‍വച്ച് കൊലപ്പെടുത്തിയതാണെന്നും മൃതദേഹം കാറില്‍ ഉപേക്ഷിച്ച് അക്രമികള്‍ കടന്നുകളഞ്ഞെന്നുമാണ് കുടുംബം ആരോപിക്കുന്നത്. വിദ്യാര്‍ഥിയുടെ മൃതദേഹം കഴിഞ്ഞദിവസം നാട്ടിലെത്തിച്ച് സംസ്‌കരിച്ചു.