ന്യൂയോര്‍ക്ക്: അമേരിക്കന്‍ സര്‍വകലാശാലകളില്‍ പഠനത്തിനപേക്ഷിക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ വന്‍ ഇടിവ്.
അമേരിക്കയില്‍ തുടര്‍ച്ചയായി ഉണ്ടാകുന്ന വംശീയ ആക്രമണങ്ങളും ട്രംപ് ഭരണകൂടത്തിന്റെ വിസ നിയന്ത്രണങ്ങളുടേയും പശ്ചാത്തലത്തിലാണ് വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ കുറവുണ്ടായത്.
അമേരിക്കയിലെ ആറ് പ്രമുഖ വിദ്യാഭ്യാസ ഗ്രൂപ്പുകളുടെ 250 വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സര്‍വകലാശാലകളിലും നടത്തിയ സര്‍വേയുടെ പ്രാഥമിക വിവരമനുസരിച്ച് ബിരുദതലത്തില്‍ 26 ശതമാനവും ബിരുദാനന്തര ബിരുദ തലത്തില്‍ 15 ശതമാനവുമാണ് ഇടിവ് രേഖപ്പെടുത്തിയിരിക്കുന്നത്. കൂടാതെ ഈ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അപേക്ഷിക്കുന്ന മൊത്തം വിദേശ വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ 40 ശതമാനത്തോളം കുറവുണ്ടായിട്ടുണ്ട്.
സര്‍വേ റിപ്പോര്‍ട്ട് പ്രകാരം അമേരിക്കന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് അപേക്ഷിക്കുന്ന വിദ്യാര്‍ത്ഥികളില്‍ 47 ശതമാനം ഇന്ത്യയില്‍ നിന്നും ചൈനയില്‍ നിന്നും ഉളളവരാണ്.
എന്നാല്‍ ചൈനീസ് വിദ്യാര്‍ത്ഥികളുടെ എണ്ണത്തിലും വന്‍ കുറവാണ് ഉണ്ടായിരിക്കുന്നത്. ഇതനുസരിച്ച് ബിരുദ വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ 25 ശതമാനവും ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ 32 ശതമാനവും കുറവുണ്ടായി.
അമേരിക്കന്‍ അസോസിയേഷന്‍ ഓഫ് കോളേജിയേറ്റ് രജിസ്‌റ്റേസ്, ഇന്‍സ്റ്റിസ്റ്റ്യൂട്ട് ഓഫ് ഇന്റര്‍നാഷണല്‍ എജ്യൂക്കേഷന്റെ അഡ്മിഷന്‍ ഓഫീസ്, അസോസിയേഷന്‍ ഓഫ് ഇന്റര്‍നാഷണല്‍ എജ്യൂകേറ്റേസ്, നാഷണല്‍ അസോസിയേഷന്‍ ഫോര്‍ കോളേജ് അഡ്മിഷന്‍ കൗണ്‍സിലിങ്, ഫോക്കസ് സബ്ഗ്രൂപ്പ് ഇന്റര്‍നാഷണല്‍ അസോസിയേഷന്‍ ഫോര്‍ കോളേജ് അഡ്മിഷന്‍ കൗണ്‍സലിങ് എന്നിവര്‍ ചേര്‍ന്നാണ് സര്‍വേ സംഘടിപ്പിച്ചത്.